മറവന്‍തുരുത്തില്‍ 14 പേരെ കടിച്ച തെരുവുനായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു. മൃഗസംരക്ഷണ വകുപ്പിന്റെ തിരുവല്ല വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നായയ്ക്ക് പേവിഷ ബാധ സ്ഥിരീകരിച്ചത്. നിരീക്ഷണത്തില്‍ തുടരുന്നതിനിടെ നായ ഇന്നലെ ചത്തിരുന്നു.
കഴിഞ്ഞ 17-ാം തീയതി മുതല്‍ മൂന്ന് ദിവസങ്ങളിലായാണ് മറവന്‍തുരുത്തില്‍ പതിനാല് പേരെ തെരുവ് നായ ആക്രമിച്ചത്. തുടര്‍ന്നാണ് നായയെ പിടികൂടി മറവന്‍തുരുത്തിലെ മൃഗസംരക്ഷണ കേന്ദ്രത്തിലേക്ക് എത്തിച്ചത്. ഇവിടെ നിരീക്ഷണത്തില്‍ തുടരവെയാണ് നായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചത്. ഇന്നലെ വൈകുന്നേരത്തോടെയാണ് നായ ചത്തത്.
അതേസമയം, അക്രമണകാരികളായ തെരുവുനായകളെ കൊല്ലാനുള്ള നിയമസാധ്യത പരിശോധിക്കാന്‍ തിരുവനന്തപുരത്ത് ഇന്ന് ഉന്നതതല യോഗം ചേരുന്നുണ്ട്. തദ്ദേശ മന്ത്രി എംബി രാജേഷ്, മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി എന്നിവരുടെ നേതൃത്വത്തിലാണ് യോഗം. തെരുവുനായകളെ കൊല്ലാന്‍ ക്രിമിനല്‍ നടപടിചട്ടത്തിലെ 133ആം വകുപ്പ് പ്രയോഗിക്കുന്നതിന്റെ സാധ്യതയാണ് പരിശോധിക്കുന്നത്. നായകളെ കൊല്ലാന്‍ പാടില്ലെന്ന സുപ്രിംകോടതി വിധി മറികടക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമം.
പൊതുജനങ്ങള്‍ക്ക് ഭീഷണിയായ നായകളെ 133ആം വകുപ്പ് ഉപയോഗിച്ച് കൊല്ലാനാകുമെന്ന് മുന്‍പ് ചേര്‍ന്ന മന്ത്രിതല യോഗത്തില്‍ വിലയിരുത്തിയിരുന്നു. കണ്ണൂരില്‍ ഭിന്നശേഷിക്കാരനായ കുട്ടി തെരുവുനായ ആക്രമണത്തില്‍ കൊല്ലപ്പെട്ടതോടെയാണ് പ്രശ്‌നത്തില്‍ സര്‍ക്കാര്‍തല നീക്കങ്ങള്‍ സജീവമായത്.