ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ടോർപിഡോ, വരുണാസ്ത്ര വിജയകരമായി പരീക്ഷിച്ചു. ഇന്നു കടലിനടിയിലെ ലക്ഷ്യം തകർത്തായിരുന്നു പരീക്ഷണം. ഇതോടെ ഇന്ത്യൻ നേവിയുടെയും ഡിആർഡിഒയുടെയും ചരിത്രത്തിലെ നാഴികക്കല്ലായി മാറിയിരിക്കുകയാണ് വരുണാസ്ത്ര.
സമുദ്രത്തിനടിയിലെ ലക്ഷ്യം വരുണാസ്ത്ര തകർക്കുന്നതിന്റെ എട്ട് സെക്കന്റ് ദൈർഘ്യമുള്ള വീഡിയോ ഇന്ത്യൻ നേവി ഔദ്യോഗിക ട്വിറ്റർ പേജിലൂടെ പങ്കുവച്ചു.
വെള്ളത്തിനടിയിലൂടെയുള്ള ആക്രമണങ്ങളെ ചെറുക്കാനാണ് വരുണാസ്ത്രയിലൂടെ ഇന്ത്യൻ നേവി ലക്ഷ്യമിടുന്നത്. വരുണാസ്ത്രയിലൂടെ ഇന്ത്യയുടെ പ്രതിരോധ പ്രവർത്തനങ്ങൾ കൂടുതൽ മെച്ചപ്പെടുത്താൻ സാധിക്കുമെന്ന് നാവികസേനാ വൃത്തങ്ങൾ അറിയിച്ചു. വിശാഖപട്ടണത്തെ നേവൽ സയൻസ് ആന്റ് ടെക്നോളജിക്കൽ പരീക്ഷണശാലയിലാണ് വരുണാസ്ത്ര വികസിപ്പിച്ചെടുത്തത്.