ബ്രിട്ടീഷ് കാലത്തെ ‘മാപ്പപേക്ഷ’ ഇനിയും തുടരണ്ടെന്ന് കേരള സർക്കാർ!

ഇനി സര്‍ക്കാര്‍ അപേക്ഷകളില്‍ നിര്‍ദ്ദിഷ്ട സമയപരിധിക്കുള്ളില്‍ അപേക്ഷ സമര്‍പ്പിക്കാന്‍ വൈകുന്ന സന്ദര്‍ഭങ്ങളില്‍ കാലതാമസം ഒഴിവാക്കുന്നതിനായി മാപ്പ് അഥവാ ക്ഷമ ചോദിക്കുന്ന അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടതില്ലെന്ന് ചൂണ്ടിക്കാട്ടി ഉദ്യോഗസ്ഥ ഭരണ പരിഷ്കാര വകുപ്പ് ഉത്തരവിറക്കി. അതായത് മാപ്പ്, മാപ്പപേക്ഷ, മാപ്പാക്കണം എന്നീ വാക്കുകളുമായി ഇനി സര്‍ക്കാര്‍ ഓഫീസുകളുടെ പടി ചവിട്ടേണ്ടെന്ന് തന്നെ. ഇക്കാര്യം എല്ലാ വകുപ്പ് മേധാവികളും ഉറപ്പുവരുത്തേണ്ടതാണെന്നും അഡീഷണല്‍ ചീഫ് സെക്രട്ടറിയായ ഡോ. എ ജയതിലക് ഐഎഎസ് പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു.

മാപ്പപേക്ഷ‘ എന്ന പദം പൗരന്‍റെ ആത്മാഭിമാനത്തെ മുറിവേൽപ്പിക്കുകയും വ്യക്തിത്വത്തെ ചോദ്യം ചെയ്യുകയും ചെയ്യുന്ന പദമായതിനാൽ ‘മാപ്പപേക്ഷ’ എന്ന പദവും കാഴ്ചപാടും ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് പൊതുപ്രവർത്തകനായ ബോബൻ മാട്ടുമന്ത ഔദ്യോഗിക ഭാഷസമിതിക്കും മനുഷ്യാവകാശ കമ്മീഷനും നല്‍കിയ പരാതിയെ തുടര്‍ന്നാണ് പുതിയ ഉത്തരവിറങ്ങിയത്.

‘വിവിധ സര്‍ക്കാര്‍ സേവനങ്ങള്‍ നേടിയെടുക്കുന്നതിന് നിര്‍ദ്ദിഷ്ട സമയപരിധിക്കുള്ളില്‍ അപേക്ഷ സമര്‍പ്പിക്കാന്‍ കാലതാമസം വരുന്ന സാഹചര്യത്തില്‍ കാലതാമസം ഒഴിവാക്കുന്നതിനായി മാപ്പ് / ക്ഷമ ചോദിക്കുന്ന അപേക്ഷ സമര്‍പ്പിക്കാറുണ്ട്. എന്നാല്‍ ഇതിലൂടെ യഥാസമയം അപേക്ഷ സമര്‍പ്പിക്കുന്നതിലുണ്ടായ കാലതാമസം ‘ക്ഷമിക്കുക’ അല്ലെങ്കില്‍ ‘ഒഴിവാക്കുക’ എന്നതിലുപരിയായി ഗുരുതരമായ കുറ്റം / വലിയ അപരാധം എന്ന അര്‍ത്ഥതലമാണ് സമൂഹത്തില്‍ ഉണ്ടാക്കുന്നതെന്ന് സര്‍ക്കാറിന്‍റെ ശ്രദ്ധയില്‍പ്പെട്ടതിന്‍റെ അടിസ്ഥാനത്തില്‍ ‘കാലതാമസം മാപ്പാക്കുന്നതിന്’ എന്നതിന് പകരം ‘കാലതാമസം പരിഗണിക്കാതെ അപേക്ഷയില്‍ തീരുമാനമെടുക്കുന്നതിന്’ എന്ന് ഉപയോഗിക്കേണ്ടതാണ്. അതിനാല്‍ മാപ്പ്, മാപ്പപേക്ഷ, മാപ്പാക്കണം തുടങ്ങിയ വാക്കുകള്‍ നിര്‍ദ്ദിഷ്ട അപേക്ഷാ ഫോമുകളില്‍ നിന്ന് നീക്കം ചെയ്യേണ്ടതാ’ണെന്നും ഉത്തരവില്‍ ചൂണ്ടിക്കാട്ടുന്നു.