പ്ലസ് വൺ പ്രവേശനത്തിൽ അപേക്ഷകരില്ലാത്ത 61,000 സംവരണ സീറ്റുകൾ മെറിറ്റ് സീറ്റായി മാറി. ഇവകൂടി ഉൾപ്പെടുത്തിയാണു മൂന്നാം അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചത്. ഇതോടെ ആദ്യ 2 അലോട്ട്മെന്റുകളിലും പുറത്തായിരുന്ന 80,694 പേർക്കു കൂടി പ്രവേശനം ലഭിച്ചു.
മൂന്നാം അലോട്ട്മെന്റ് അനുസരിച്ചുള്ള പ്രവേശനം നാളെ വൈകിട്ട് 4 വരെയാണ്. മുഖ്യഘട്ട പ്രവേശനം അവസാനിക്കുന്നതിനാൽ അലോട്ട്മെന്റ് ലഭിച്ചവരെല്ലാം ഫീസ് അടച്ച് സ്ഥിരപ്രവേശനമാണ് നേടേണ്ടത്. എയ്ഡഡ് സ്കൂളുകളിലെ മാനേജ്മെന്റ്, കമ്മ്യൂണിറ്റി സീറ്റുകളിലും അൺ എയ്ഡഡ് സ്കൂളുകളിലും ആദ്യഘട്ട പ്രവേശനം നാലിന് അവസാനിക്കും. അഞ്ചിനാണ് ക്ലാസുകൾ ആരംഭിക്കുന്നത്. സപ്ലിമെന്ററി പ്രവേശന നടപടികൾക്ക് അതിനുശേഷം തുടക്കമാകും.
താൽക്കാലിക പ്രവേശനം നേടിയ 51,385 പേർക്കു മൂന്നാം അലോട്ട്മെന്റിൽ ഉയർന്ന ഓപ്ഷനിലേക്കു മാറ്റം ലഭിച്ചു. മുഖ്യഘട്ടത്തിലെ 3 അലോട്ട്മെന്റുകളും പൂർത്തിയായപ്പോൾ ആകെ 3,02,108 മെറിറ്റ് സീറ്റുകളിലായി 2,99,309 പേർക്കാണ് അലോട്ട്മെന്റ് ലഭിച്ചത്.