തമിഴ്നാട്ടിൽ വീട്ടമ്മമാര്‍ക്ക് പ്രതിമാസം 1000 രൂപ വീതം നൽകുന്ന സര്‍ക്കാർ പദ്ധതി മുഖ്യമന്ത്രി സ്റ്റാലിന്‍ കാഞ്ചീപുരത്ത് നാളെ ഉദ്ഘാടനം ചെയ്യും. 1.06 കോടി പേരാണ് പദ്ധതിയുടെ ഗുണഭോക്താക്കൾ.
വീട്ടമ്മമാര്‍ക്ക് പ്രതിമാസം നൽകുന്ന പണം സര്‍ക്കാര്‍ സഹായമല്ല, അവകാശമാണെന്ന പ്രഖ്യാപനത്തോടെയാണ് ‘കലൈഞ്ജര്‍ മഗളിര്‍ ഉരുമൈ തൊഗെയ്’ നടപ്പാക്കുന്നത്. കുടുംബ വരുമാനത്തിന്‍റെയും സാമ്പത്തിക സ്ഥിതിയുടെയും അടിസ്ഥാനത്തിൽ തെരഞ്ഞെടുത്ത ഒരു കോടി 6 ലക്ഷം പേര്‍ക്ക് പദ്ധതിയുടെ ഗുണം ലഭിക്കും. ആദ്യ ഡിഎംകെ മുഖ്യമന്ത്രി അണ്ണാദുരൈയുടെ ജന്മസ്ഥലമായ കാഞ്ചീപുരത്തു വച്ച് പദ്ധതിക്ക് തുടക്കമിടുന്ന മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍, ദ്രാവിഡ മോഡൽഭരണത്തിന്‍റെ വിമര്‍ശകര്‍ക്കുളള മറുപടി കൂടിയാണ് ഇത്തരമൊരു പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് കേന്ദ്രത്തില്‍ മോദി സര്‍ക്കാര്‍ കർഷകരുടെ അക്കൗണ്ടുകളില്‍ പണം എത്തിച്ചതിന് സമാനമായ നടപടിയെന്നും തമിഴ്നാട് സര്‍ക്കാറിന്റെ ഈ പദ്ധതിയെ വിലയിരുത്താം. സനാതന ധര്‍മ്മ പരാമര്‍ശവും ഡിഎംകെ മന്ത്രിമാരുടെ അഴിമതിയും ചര്‍ച്ചയിലുള്ളപ്പോൾ ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്‍പ് എട്ട് തവണയെങ്കിലും വീട്ടമ്മമാരുടെ അക്കൗണ്ടുകളിലെത്തുന്ന പണം വോട്ടുകൊണ്ടുവരുമെന്ന കണക്കു കൂട്ടലിലാണ് സ്റ്റാലിന്‍.
എന്നാൽ ഗുണഭോക്താക്കളുടെ പട്ടിക വെട്ടിച്ചുരുക്കിയെന്ന ആക്ഷേപത്തിലൂടെ അസംതൃപ്തരെ ഉന്നമിടുകയാണ് എഐഎഡിഎംകെ. പദ്ധതിയിലേക്ക് ആകെ അപേക്ഷിച്ചത് 1 കോടി 63 ലക്ഷം വീട്ടമ്മമാരായിരുന്നു. ഇവരില്‍ നിന്ന് ഒഴിവാക്കപ്പെട്ടവരോട് കാരണം ബോധിപ്പിക്കും. അര്‍ഹതയുണ്ടെന്ന് കരുതുന്നവര്‍ക്ക് വീണ്ടും അപേക്ഷിക്കാനും അവസരം നൽകും. പദ്ധതിയിൽ ഉൾപ്പെടുന്ന എല്ലാവര്‍ക്കും അടുത്ത മാസം മുതൽ ഒന്നാം തീയതി തന്നെ പണം ലഭിക്കുമെന്നും സ‍്റ്റാലിന്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്.