ടൈപ്പ്‌ ഒന്ന് പ്രമേഹമുള്ള കോളേജ്‌ വിദ്യാർഥികൾക്ക് പരീക്ഷക്ക് അധികസമയം അനുവദിച്ചു

ടൈപ്പ് ഒന്ന് പ്രമേഹബാധിതരായ കോളേജ്‌ വിദ്യാർഥികൾക്ക് പരീക്ഷകളിൽ മണിക്കൂറിന് 20 മിനിട്ടു വീതം അധികസമയം അനുവദിച്ചു. സർവകലാശാലകളും പ്രൊഫഷണൽ കോളേജുകളും അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ടൈപ്പ് ഒന്ന് പ്രമേഹബാധിതരായ എല്ലാ വിദ്യാർഥികൾക്കും ഈ പരിഹാരസമയം ലഭിക്കുമെന്ന്‌ ഉന്നത വിദ്യഭ്യാസ മന്ത്രി ആർ ബിന്ദു അറിയിച്ചു.

ഡോക്‌ടർ നൽകുന്ന സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിലാണ് പരീക്ഷാസമയത്ത് മണിക്കൂറിന് ഇരുപതു മിനിറ്റ് വീതം പരിഹാരസമയം നൽകുക. അർഹരായവർക്ക് ഈ ആനുകൂല്യം ലഭിക്കാൻ വേണ്ട നടപടികൾ സ്ഥാപന മേധാവികൾ കൈക്കൊള്ളും. കോളേജ്‌ വിദ്യാഭ്യാസ ഡയറക്‌ർ, സാങ്കേതിക വിദ്യാഭ്യാസ ഡയറക്‌ടർ, ഐഎച്ച്ആർഡി ഡയറക്‌ടർ എന്നിവർക്ക് ഇതിനുള്ള നിർദ്ദേശം മന്ത്രി ആർ ബിന്ദു നൽകി.