ഓണത്തോടനുബന്ധിച്ച് ക്ഷേമപെൻഷൻ വിതരണത്തിനായി 1,762 കോടി രൂപ അനുവദിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. 60 ലക്ഷത്തോളം ക്ഷേമപെൻഷൻ ഗുണഭോക്താക്കൾക്കുള്ള പെൻഷൻ വിതരണം ആരംഭിക്കുകയാണെന്നും ഓണസമ്മാനമായി രണ്ടുമാസത്തെ സാമൂഹ്യസുരക്ഷാ, ക്ഷേമനിധി പെൻഷനുകൾ 1,762 കോടി രൂപ സർക്കാർ അനുവദിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി ഫെയ്സ്ബുക്കിൽ കുറിച്ചു.
സാമൂഹ്യ സുരക്ഷാ പെൻഷൻ നൽകുന്നതിനായി 1,550 കോടി രൂപയും സർക്കാർ സഹായത്തോടെ പ്രവർത്തിക്കുന്ന ക്ഷേമനിധി ബോർഡുകൾക്ക് പെൻഷൻ വിതരണത്തിന് 212 കോടി രൂപയുമാണ് അനുവദിച്ചത്. ഈ മാസം രണ്ടാം വാരം ആരംഭിച്ചു 23 വരെയാണ് വിതരണം. പെൻഷൻ ഗുണഭോക്താക്കളിൽ പകുതിയോളം പേർക്ക് ബാങ്ക് അക്കൗണ്ടിൽ പെൻഷൻ തുക എത്തും. ബാക്കിയുള്ളവർക്ക് സഹകരണ സംഘങ്ങൾ വഴിയാണ് പെൻഷനെത്തുക.