കോട്ടയം കളക്ടറായി വി. വിഘ്നേശ്വരി ചുമതലയേറ്റു

കോട്ടയം കളക്ടറായി വി. വിഘ്നേശ്വരി ചുമതലയേറ്റു. ഇന്ന് രാവിലെ 10 മണിയോടെ കളക്ട്രേറ്റിലെത്തിയ പുതിയ കളക്ടറെ ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്, എഡിഎം, തഹസീൽദാർ, മറ്റ് ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവരുടെ നേതൃത്വത്തിൽ സ്വീകരിച്ചു. തുടർന്ന് ഓഫീസിൽ എത്തി ചുമതല ഏറ്റെടുത്തു. ജനങ്ങളുടെ ഒപ്പം നിന്നുകൊണ്ട് ജില്ലയുടെ സമഗ്രവികസനം ലക്ഷ്യമുള്ള പ്രവർത്തനങ്ങൾക്ക് മുൻഗണന നൽകുമെന്ന് ചുമതലയേറ്റ ശേഷം അവർ പ്രതികരിച്ചു.

കോട്ടയം ജില്ലയുടെ 48-ാമത് കളക്ടറായിട്ടാണ് തമിഴ്നാട് സ്വദേശിയായ വി. വിഘ്നേശ്വരി എത്തുന്നത്. 2015 ബാച്ച് കേരള കേഡർ ഐഎഎസ് ഓഫീസറായ വിഘ്നേശ്വരി കെ.റ്റി.ഡി.സി. എംഡിയായും കോളജിയറ്റ് എജ്യുക്കേഷൻ ഡയറക്ടറായും പ്രവർത്തിച്ചിട്ടുണ്ട്.

ഡോ. പി.കെ. ജയശ്രീ വിരമിച്ചതിനെ തുടർന്നാണ് വി. വിഘ്നേശ്വരി കോട്ടയം കളക്ടറായി ചുമതലയേൽക്കുന്നത്.