കൊച്ചി വാട്ടര്‍ മെട്രോ യാത്രക്കാരുടെ എണ്ണം 10 ലക്ഷം കടന്നു. മലപ്പുറം മഞ്ചേരി സ്വദേശി സന്‍ഹ ഫാത്തിമയാണ് പത്ത് ലക്ഷം തികച്ച യാത്രക്കാരി. ആറാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് സന്‍ഹ. കുടുംബത്തോടൊപ്പം ഹൈ കോര്‍ട്ട് ജംഗ്ഷന് ടെര്‍മിനലില്‍ നിന്ന് വൈപ്പിന്‍ വാട്ടര്‍ മെട്രോ ടെര്‍മിനലിലേക്ക് യാത്ര ചെയ്യാന്‍ എത്തിയതാണ്.
അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധയാകർഷിച്ച കൊച്ചി വാട്ടർ മെട്രോ പ്രവർത്തനം ആരംഭിച്ചിട്ട് ഒക്ടോബർ 26ന് ആറ് മാസം പൂർത്തിയാകും. ചുരുങ്ങിയ കാലയളവിൽ 10 ലക്ഷം പേർ ഈ സേവനം ഉപയോഗിച്ച് യാത്ര ചെയ്തത് വാട്ടർ മെട്രോ ജനഹൃദയങ്ങളിൽ ഇടം പിടിച്ചതിന് തെളിവാണ്. 12 ബോട്ടുകളുമായി ഹൈക്കോർട്ട് ജംഗ്ഷൻ- വൈപ്പിൻ-ബോൽഗാട്ടി ടെർമിനലുകളിൽ നിന്നും വൈറ്റില- കാക്കനാട് ടെർമിനലുകളിൽ നിന്നുമാണ് നിലവിൽ സർവ്വീസ് ഉള്ളത്.
ഭിന്നശേഷിസൗഹൃദമായാണ് ടെർമിനലുകളും ബോട്ടുകളും സജ്ജീകരിച്ചിരിക്കുന്നത്. വീൽചെയറിൽ വരുന്ന വ്യക്തിക്ക് പരസഹായമില്ലാതെ ബോട്ടിൽ പ്രവേശിക്കാം. വേലിയേറ്റ വേലിയിറക്ക സമയങ്ങളിലും ബോട്ടുമായി ഒരേ ലെവലിൽ നിൽക്കാനുതകുന്ന ഫ്ളോട്ടിംഗ് പോണ്ടൂണുകൾ കൊച്ചി വാട്ടർ മെട്രോയുടെ പ്രത്യേകതയാണ്. യാതൊരു തരത്തിലുള്ള മലിനീകരണത്തിനും ഇടവരാത്ത രീതിയിലാണ് വാട്ടർ മെട്രോയുടെ പ്രവർത്തനം. തുച്ഛമായ തുകയിൽ സുരക്ഷിതമായ യാത്രയാണ് കൊച്ചി വാട്ടർ മെട്രോയുടെ ശീതികരിച്ച ബോട്ടുകളിൽ പൊതുജനങ്ങൾക്കായി ഒരുക്കിയിരിക്കുന്നത്. ബോട്ട് യാത്രക്കായുള്ള മിനിമം ടിക്കറ്റ് നിരക്ക് 20 രൂപയാണ്. സ്ഥിരം യാത്രികർക്കായി പ്രതിവാര- പ്രതിമാസ പാസ്സുകളും ഉണ്ട്. കൊച്ചി വൺ കാർഡ് ഉപയോഗിച്ച് കൊച്ചി മെട്രോ റെയിലിലും കൊച്ചി വാട്ടർ മെട്രോയിലും യാത്ര ചെയ്യാനാകും.