കെഫോണ്‍ നാടിന് സമര്‍പ്പിച്ച് മുഖ്യമന്ത്രി

രാജ്യത്ത് തന്നെ ആദ്യമായി സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ആദ്യ ബ്രോഡ് ബാന്‍ഡ് കണക്ഷൻ കെ ഫോൺ മുഖ്യമന്ത്രി പിണറായി വിജയൻ കേരളത്തിന് സമര്‍പ്പിച്ചു. 17412 ഓഫീസിലും 2105 വീടുകളിലും കെ ഫോൺ വഴി നെറ്റ് എത്തി. അടിക്കടി ഇന്‍റര്‍നെറ്റ് ഷട്ട്ഡൗൺ നടത്തുന്ന ഇന്ത്യയിലാണ് കേരളത്തിന്റെ സവിശേഷ ഇടപെടൽ.

സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ കണക്ഷന്‍ നല്‍കുന്നതില്‍ നിന്ന് സര്‍വീസ് ചാര്‍ജ്ജ് ഈടാക്കുക, ട്രഷറിയുള്‍പ്പടെയുള്ള കേന്ദ്രീകൃത സ്ഥാപനങ്ങള്‍ക്കായി പ്രത്യേകം ഇന്റര്‍നെറ്റ് നെറ്റ്‌വര്‍ക്ക് നല്‍കുക, വീടുകളിലേക്ക് വ്യാവസായിക അടിസ്ഥാനത്തില്‍ ഇന്റര്‍നെറ്റ് കണക്ഷന്‍ നല്‍കുക, കോര്‍പ്പറേറ്റുകള്‍ക്കായി പ്രത്യേകം കണക്ഷനുകൾ ലഭ്യമാക്കുക തുടങ്ങി വിപുലമായ വരുമാന പദ്ധതികളാണ് കെഫോണ്‍ മുന്നോട്ട് വയ്ക്കുന്നത്. പൊതുജനങ്ങള്‍ക്ക് ഉപയോഗിക്കാനായി 2000 ഫ്രീ വൈ-ഫൈ സ്‌പോട്ടുകളും സര്‍ക്കാര്‍ ഓഫീസുകളില്‍ സേവനങ്ങള്‍ക്കായി എത്തുന്നവര്‍ക്ക് സൗജന്യമായും മിതമായ നിരക്കിലും ഉപയോഗിക്കാവുന്ന വൈ-ഫൈ നെറ്റ്‌വര്‍ക്കും ഒരുക്കുമെന്നും കെ ഫോൺ പറയുന്നു.

സാങ്കേതിക സഹായങ്ങൾ നൽകുന്നതിനും ബിസിനസ് മോഡൽ നിര്‍മ്മിച്ചെടുക്കാനും സ്വകാര്യ കമ്പനിയുടെ പങ്കാളിത്തമുണ്ട്. വരുമാനത്തിന്റെ നിശ്ചിത ശതമാനവും ഇവര്‍ക്കാണ്. 14000 ബിപിഎൽ കുടുംബങ്ങളും 30000 സര്‍ക്കാര്‍ ഓഫീസുകളും സൗജന്യ കണക്ഷൻ പരിധിയിൽ കൊണ്ടുവരികയെന്ന ആദ്യഘട്ട പ്രഖ്യാപനം നിലവിൽ പകുതി മാത്രമെ ലക്ഷ്യം കണ്ടിട്ടുള്ളു എങ്കിലും ജൂൺ അവസാനത്തോടെ പൂര്‍ത്തിയാക്കുമെന്നാണ് കെ ഫോൺ അവകാശപ്പെടുന്നത്.