കെഎസ്ആർടിസി ജീവനക്കാർക്ക് ഡൽഹിയിൽ പരിശീലനം

കെഎസ്ആർടിസിയുടെ ഇലക്ട്രിക് ബസുകളിൽ തീപിടുത്തം പോലുള്ള അപകടങ്ങൾ ഉണ്ടായാൽ സ്വീകരിക്കേണ്ട മുൻകരുതലുകളെക്കുറിച്ചും ജീവനക്കാർക്ക് സമഗ്രമായ പരിശീലനം നല്‍കും. 10, 11 തീയതികളിൽ ഡൽഹിയിൽ നടത്തുന്ന പരിശീലന പരിപാടിയിൽ പങ്കെടുക്കാൻ ഒമ്പതുപേരെ കെഎസ്ആർടിസി നിയോഗിച്ചു.

സ്റ്റേഷൻ മാസ്റ്റർ, വെഹിക്കിൾ സൂപ്പർവൈസർ, ചാർജ്മാൻ, മെക്കാനിക്ക് തസ്തികയിലുള്ളവരാണ് ഇവർ. കേന്ദ്ര സർക്കാരിന്റെ ഹരിത വാഹന പദ്ധതിയുടെ ഭാഗമായി ഇലക്ട്രിക് ബസുകൾക്ക് പ്രാധാന്യം നല്കുന്നുണ്ട്. കേന്ദ്ര സർക്കാർ തന്നെ ഇന്ത്യയിലെ നഗരങ്ങളിൽ സർവീസ് നടത്താൻ സൗജന്യമായി ഇലക്ട്രിക് ബസുകൾ വിതരണം ചെയ്യുന്നുണ്ട്. ഇത്തരം ബസുകളിലുണ്ടാകാൻ സാധ്യതയുള്ള അഗ്നിബാധ, തീപിടിത്തമുണ്ടായാൽ ചെയ്യേണ്ട കാര്യങ്ങൾ എന്നിവയെ സംബന്ധിച്ച് എല്ലാ സംസ്ഥാനങ്ങളിലെയും ട്രാൻസ്പോർട്ട് കോർപറേഷനുകളിലെ ജീവനക്കാർക്ക് പരിശീലനം നല്‍കാനാണ് പദ്ധതി തയാറാക്കിയിരിക്കുന്നത്.

കേന്ദ്ര സർക്കാരിന്റെ ഹെവി ഇൻഡസ്ട്രീസ് മന്ത്രാലയം ജിഐഇസഡ് ഇന്ത്യാ ട്രാൻസ്പോർട്ട് എന്ന സ്ഥാപനമായി സഹകരിച്ചാണ് പരിശീലനം സംഘടിപ്പിച്ചിരിക്കുന്നത്. പരിശീലന പരിപാടിയിൽ പങ്കെടുക്കുന്ന രാജ്യത്തെ എല്ലാ ട്രാൻസ്പോർട്ട് കോർപറേഷനുകളിലെയും പ്രതിനിധികളുടെ യാത്രാ-താമസ-ഭക്ഷണ ചിലവുകളും ജിഐഇസഡ് ഇൻഡ്യ ട്രാൻസ്പോർട്ട് വഹി ക്കും.