മുതിര്‍ന്നവരുടേയും കുട്ടികളുടേയും ജീവിതത്തെ ഇപ്പോള്‍ സ്‌ക്രീനുകളാണ് ഭരിക്കുന്നത്. സ്‌ക്രീനുകളില്‍ നോക്കിയുള്ള ജോലി കഴിഞ്ഞ് വീട്ടിലെത്തിയാല്‍ അപ്പോള്‍ തുടങ്ങും മൊബൈല്‍ സ്‌ക്രീനിലെ ജീവിതം. റീല്‍സും പോസ്റ്റുകളും മറ്റും സ്‌ക്രോള്‍ ചെയ്തിരുന്ന് മണിക്കൂറുകള്‍ പോകുന്നത് അറിയാത്ത അവസ്ഥയിലാണോ നിങ്ങളും? വളരെ എളുപ്പത്തില്‍ കിട്ടുന്ന ഡോപ്പൊമൈനില്‍ ആസക്തരായി മുഴുവന്‍ ജീവിതവും ഫോണിന് മുന്നില്‍ സമര്‍പ്പിക്കാനാണോ നിങ്ങളുടെ താത്പര്യം? ഫോണ്‍ അഡിക്ഷനില്‍ നിന്ന് രക്ഷപ്പെടാനായി താഴെപ്പറയുന്ന ടിപ്‌സ് ഉപയോഗിച്ചു നോക്കൂ.
നോട്ടിഫിക്കേഷന്‍ നോയ്‌സ് വേണ്ട
നിങ്ങളുടേതായ ഒരു ക്വാളിറ്റി ടൈം വിനിയോഗിക്കുന്നതിനിടയില്‍ കല്ലുകടിയാകുന്നതും നമ്മുടെ ശ്രദ്ധയെ വീണ്ടും ഫോണിലേക്ക് വലിച്ചടിപ്പിക്കുകയും ചെയ്യുന്നതാണ് നോട്ടിഫിക്കേഷന്‍ നോയ്‌സുകള്‍. നിങ്ങള്‍ വായിക്കുകയോ കുടുംബത്തോട് സംസാരിക്കുകയോ പഠിക്കുകയോ ഭക്ഷണം കഴിക്കുകയോ ഉറങ്ങാന്‍ കിടക്കുകയോ മറ്റോ ചെയ്യുന്നതിന് മുമ്പ് നോട്ടിഫിക്കേഷന്‍ നോയ്‌സ് ഓഫാക്കി വയ്ക്കുക.
ഡിജിറ്റല്‍ വെല്‍ബീയിങ് ആപ്പുകള്‍
നിങ്ങള്‍ക്ക് ദിവസത്തിലെ നിശ്ചിത സമയത്ത് മാത്രം ഫോണ്‍ ഉപയോഗിക്കാന്‍ സാധിക്കുകയും ബാക്കി സമയം ഫോണ്‍ ഉപയോഗം തന്ത്രപരമായി തടയുകയും ചെയ്യുന്ന ഡിജിറ്റല്‍ വെല്‍ബീയിങ് ആപ്പുകളില്‍ ഒന്ന് ഇന്‍സ്റ്റാള്‍ ചെയ്യുക. ഫോണ്‍ സമയം പടിപടിയായി കുറച്ച് കൊണ്ടുവരിക.
ബ്രേക്കെടുക്കുക
ഒരു നിമിഷം പോലും കണ്ണിനോ തലച്ചോറിനോ വിശ്രമം കൊടുക്കാതെ റീലുകളില്‍ നിന്ന് റീലുകളിലേക്ക് സ്‌ക്രോള്‍ ചെയ്ത് നീങ്ങുമ്പോള്‍ നിര്‍ത്തണമെന്ന തീരുമാനത്തിലെത്താന്‍ തലച്ചോറിന് സാവകാശം ലഭിക്കാതെ വരുന്നു. ഓരോ 20 മിനിറ്റ് സ്‌ക്രോളിനിടയിലും ഒരു 20 സെക്കന്റ് എങ്കിലും ബ്രേക്കെടുക്കാന്‍ ശ്രമിക്കാം.
നോ സ്‌ക്രീന്‍ സോണ്‍
ഡൈനിങ് ടേബിളില്‍ കുടുംബത്തോടൊപ്പമിരുന്ന് ഭക്ഷണം കഴിക്കുമ്പോള്‍, ഉറങ്ങാന്‍ കിടക്കുമ്പോള്‍, പഠനമുറിയിലിരിക്കുമ്പോള്‍ തുടങ്ങി തീര്‍ച്ചയായും ഫോണ്‍ സ്‌ക്രോളിങ് ഒഴിവാക്കേണ്ട ചില സന്ദര്‍ഭങ്ങളും സ്ഥലങ്ങളും നോ സ്‌ക്രീന്‍ സോണ്‍സ് ആയി സ്വയം നിശ്ചയിക്കുക. മറ്റ് സമയങ്ങളില്‍ സ്‌ക്രീന്‍ നോക്കിയാലും നിങ്ങളുടെ നോ സ്‌ക്രീന്‍ സോണ്‍സില്‍ ഇരുന്നുള്ള ഫോണ്‍ ഉപയോഗം കര്‍ശനമായി ഒഴിവാക്കുക.
പഴയ ചില ഹോബികളെ പൊടിതട്ടിയെടുക്കാം
ഫോണുകളും ഇന്‍റര്‍നെറ്റും ഇല്ലാതിരുന്നപ്പോള്‍, നിങ്ങളുടെ കുട്ടിക്കാലത്ത് നിങ്ങള്‍ താത്പര്യത്തോടെ ചെയ്തിരുന്ന ഹോബികള്‍ എന്തൊക്കെയെന്ന് ഓര്‍ത്തെടുക്കുക. ദിവസവും ആ ഹോബികള്‍ പുനരാരംഭിക്കാന്‍ ഒരു 10 മിനിറ്റെങ്കിലും സമയം കണ്ടെത്തുക. പയ്യെ പയ്യെ ഈ സമയം കൂട്ടിക്കൊണ്ടുവരിക.
