ലോകമെങ്ങും ഓരോ വർഷവും മസ്തിഷ്കാഘാതം അഥവാ സ്ട്രോക്ക് കൊണ്ട് മരണപ്പെടുന്നത് 55 ലക്ഷം പേരാണ്. ഓരോ വർഷവും വരുന്ന പുതിയ രോഗികളുടെ എണ്ണം 130 ലക്ഷമാണെന്ന് കണക്കുകൾ പറയുന്നു. സ്ട്രോക്കിനെ അതിജീവിക്കുന്നവരിൽ അധികം പേരും ആജീവനാന്ത വൈകല്യങ്ങൾ നേരിടേണ്ടി വരുന്നു. സ്ട്രോക്കിന്റെ ലക്ഷണങ്ങൾ കണ്ടുതുടങ്ങി ചികിത്സ തേടുന്നതുവരെയുള്ള ഓരോ നിമിഷവും അതിനിർണായകമായിട്ടുള്ളതിനാല് രോഗത്തെ കുറിച്ചുള്ള അവബോധത്തിന്റെയും വളരെ നേരത്തെയുള്ള ഇടപെടലിന്റെയും പ്രാധാന്യം വളരെ വലുതാണ്.
ലക്ഷണങ്ങളും ഫാസ്റ്റ് (FAST ) രീതിയും
സ്ട്രോക്ക് ലക്ഷണങ്ങൾ നേരത്തേ തിരിച്ചറിഞ്ഞാൽ ജീവൻ രക്ഷിക്കാനാകും. താഴെപ്പറയുന്ന ലക്ഷണങ്ങൾ സ്ട്രോക്കുമായി ബന്ധപ്പെട്ടവയാണ്.
F: Face –മുഖത്തിൻ്റെ ഒരു വശം അഥവാ ചുണ്ട് കോടുകയോ മരവിപ്പ് അനുഭവപ്പെടുകയോ ചെയ്യുന്നുണ്ടെങ്കിൽ ഉടൻ തന്നെ വൈദ്യസഹായം തേടേണ്ടതാണ്.
A: Arms – കൈയുടെ ബലഹീനത- രണ്ട് കൈകളും ഉയർത്താൻ ബുദ്ധിമുട്ട് അനുഭവപ്പെടുകയും ഒരു കൈയ്ക്ക് ദൗർബല്യം അനുഭവപ്പെടുകയും ചെയ്യുന്നുണ്ടെങ്കിൽ സ്ട്രോക്കിന്റെ ലക്ഷണമാണ്.
S: Speech – സംസാരിക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെടുകയോ, സംസാരം കുഴഞ്ഞ രൂപത്തിലാവുകയോ, സംസാരം മനസ്സിലാക്കാൻ പ്രയാസമാവുകയും ചെയ്യുന്നുവെങ്കിൽ ഉടൻ തന്നെ വൈദ്യസഹായം തേടേണ്ടതാണ്.
T: Time- അടിയന്തര സേവനം തേടാനുള്ള സമയം – ഈ ലക്ഷണങ്ങളിൽ ഏതെങ്കിലും അനുഭവപ്പെടുകയാണെങ്കിൽ സമയോചിതമായി പ്രവർത്തിക്കുക.
പെട്ടെന്നുള്ള കാഴ്ച നഷ്ടപ്പെടൽ, നടക്കാൻ ബുദ്ധിമുട്ട്, കഠിനമായ തലവേദന എന്നിവയാണ് സ്ട്രോക്കിന്റെ മറ്റുലക്ഷണങ്ങൾ.
സ്ട്രോക്ക് മുൻകരുതലുകൾ
ചിട്ടയായ ജീവിതശൈലി നിലനിർത്തിയാൽത്തന്നെ സ്ട്രോക്കിനെ ഒരു പരിധിവരെ മാറ്റിനിർത്താം. അമിതരക്തസമ്മർദ്ദമാണ് സ്ട്രോക്കിനുള്ള ഏറ്റവും സാധാരണമായ കാരണം. ബി.പി സാധാരണലെവലിൽ നിന്നും ഉയരാതിരിക്കാൻ ചിട്ടയായ ജീവിതശൈലി തന്നെയാണ് മികച്ച മാർഗം.
ആരോഗ്യകരമായ ഭക്ഷണക്രമം നിലനിർത്തുക വഴി സ്ട്രോക്കിന്റെ സാധ്യത അകറ്റാൻ കഴിയും. പഴങ്ങൾ, പച്ചക്കറികൾ, പ്രോട്ടീനുകൾ എന്നിവ ഭക്ഷണത്തിൽ കൂടുതലായും ഉൾപ്പെടുത്തുക.
പതിവായി വ്യായാമം ചെയ്യുന്നതുമൂലം സ്ട്രോക്കിനുള്ള സാധ്യത 25-30% വരെ കുറയ്ക്കാൻ കഴിയും.
പുകവലി ശീലമാക്കിയവരിൽ സ്ട്രോക്കിനുള്ള സാധ്യത സാധാരണക്കാരെ അപേക്ഷിച്ച് ഇരട്ടിയാണ്. പുകവലി പൂർണമായും ഉപേക്ഷിക്കുകയേ തരമുള്ളൂ.
ജീവിതശൈലിയുടെയും ഭക്ഷണക്രമത്തിൻ്റെയും ഭാഗമായി ഒട്ടുമിക്കവരും അനുഭവിക്കുന്ന ആരോഗ്യപ്രശ്നനങ്ങളാണ് പ്രമേഹം, കൊളസ്ട്രോൾ എന്നിവ. ഇവയുടെ അളവ് നിയന്ത്രിക്കുക വഴി സ്ട്രോക്ക് തടയാൻ കഴിയും.
ചികിത്സകൾ
സ്ട്രോക്ക് വന്നയാൾക്ക് അടിയന്തിര വൈദ്യചികിത്സയാണ് വളരെ പ്രധാനം. രോഗലക്ഷണം കണ്ടുപിടിച്ച് ആദ്യത്തെ നാലര മണിക്കൂറിനുള്ളിൽ കട്ടപിടിച്ച രക്തം മരുന്നുകൾ ഉപയോഗിച്ചുള്ള ത്രോംബോലൈസിസ് ചെയ്യാൻ സാധിച്ചാൽ ദീർഘകാല വൈകല്യങ്ങൾ ഗണ്യമായി കുറയ്ക്കാം. ഇതിൽ തന്നെ ആദ്യത്തെ ഒരു മണിക്കൂർ ആണ് ഏറ്റവും കൂടുതൽ ഉപകാരപ്രദമാവുക.
ഒരു വലിയ ധമനിയിൽ നിന്ന് രക്തം കട്ട പിടിച്ചുണ്ടാവുന്ന ഒരു ബ്ലോക്ക് നീക്കം ചെയ്യുന്നതിനുള്ള വിപുലമായ നടപടിക്രമമാണ് മെക്കാനിക്കൽ ത്രോംബെക്ടമി. ആദ്യത്തെ 24 മണിക്കൂറിനുള്ളിൽ നടത്തിയാൽ അത് വളരെ ഫലപ്രദമാണ്. ഹെമറാജിക് സ്ട്രോക്കുകൾക്ക്, രക്തക്കുഴലുകളിലെ തടസ്സം നീക്കാനുള്ള മിനിമലി ഇൻവേസീവ് ആയ ശസ്ത്രക്രിയകൾ ഫലം ചെയ്യാറുണ്ട്.
ചെറുപ്പക്കാർക്കിടയിൽ, പ്രത്യേകിച്ച് 40-നും 50-നും ഇടയിൽ പ്രായമുള്ളവർക്കിടയിൽ സ്ട്രോക്ക് വ്യാപകമായി കണ്ടുവരുന്നു എന്നതാണ് മറ്റൊരു വെല്ലുവിളി. ജനങ്ങൾക്കിടയിൽ വ്യക്തമായ അവബോധം സൃഷ്ടിക്കുകയും ഗോൾഡൻ അവേഴ്സ് അഥവാ സുവർണ മണിക്കൂറുകൾ എന്നത് കൃത്യമായി ഉപയോഗപ്പെടുത്താൻ സാധിക്കുകയും ചെയ്താൽ മസ്തിഷ്കാഘാതത്തിന്റെ പരിണിതഫലങ്ങൾ ലഘൂകരിക്കാൻ സാധിക്കും.