മൊബൈല്‍ ഫോണ്‍ നഷ്‌ടപ്പെട്ടാല്‍ ഉടന്‍ ഇക്കാര്യങ്ങള്‍ ചെയ്യുക

യാത്രയ്ക്കിടയിലോ അല്ലെങ്കില്‍ മറ്റേതെങ്കിലും സാഹചര്യത്തിലോ നിങ്ങളുടെ മൊബൈല്‍ ഫോണ്‍ നഷ്‌ടപ്പെട്ടാല്‍ ഉടനടി ചില കാര്യങ്ങള്‍ ചെയ്യേണ്ടതുണ്ട്. ഫോണ്‍ നഷ്‌ടപ്പെട്ടാല്‍ ഉടന്‍ ബ്ലോക്ക് ചെയ്യണം. എളുപ്പത്തില്‍ ബ്ലോക്ക് ചെയ്യാന്‍ സര്‍ക്കാര്‍ സംവിധാനം നിലവിലുണ്ട്. ഈ മാര്‍ഗത്തിലൂടെ ബ്ലോക്ക് ചെയ്യുമ്പോള്‍ ആ ഫോണ്‍ മറ്റാര്‍ക്കും പിന്നീട് ഉപയോഗിക്കാന്‍ സാധിക്കില്ല. ഫോണ്‍ നഷ്‌ടപ്പെട്ടാല്‍ അക്കാര്യം അറിയിച്ച് പോലീസില്‍ ഒരു പരാതി രജിസ്റ്റര്‍ ചെയ്യുക എന്നതാണ് ആദ്യത്തെ നടപടി. അതിനുശേഷം സര്‍വീസ് പ്രൊവൈഡറുമായി ബന്ധപ്പെട്ട്, നഷ്‌ടപ്പെട്ട ഫോണിലെ നിങ്ങളുടെ ഫോണ്‍ നമ്പറിന്‍റെ ഡ്യൂപ്ലിക്കറ്റ് നമ്പര്‍ എടുക്കുക. 24 മണിക്കൂറില്‍ തന്നെ ഡ്യൂപ്ലിക്കേറ്റ് സിം കാര്‍ഡ് ആക്റ്റിവേറ്റ് ആകുന്നതാണ്.

റിക്വസ്റ്റ് ഐഡി ഉപയോഗിച്ച് അപ്‌ഡേറ്റ് പരിശോധിക്കാം

https://www.ceir.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. അതില്‍ ചുവന്ന നിറത്തിലുള്ള ബട്ടനില്‍ Block Stolen/Lost Mobile എന്ന ഓപ്ഷന്‍ കാണാം. ഇത് തിരഞ്ഞെടുത്താല്‍ ഒരു ഫോം പൂരിപ്പിക്കണം. അതില്‍ ഫോണ്‍ നഷ്‌ടപ്പെട്ട സ്ഥലം ഏതാണ്, തീയതി, സ്ഥലം, പോലീസ് സ്‌റ്റേഷന്‍, പരാതിയുടെ നമ്പര്‍, പരാതിയുടെ പകര്‍പ്പ് എന്നിവ നല്‍കണം. തുടര്‍ന്ന് ഫോണിന്‍റെ ഉടമയുടെ വ്യക്തിഗത വിവരങ്ങളും തിരിച്ചറിയല്‍ രേഖയും നല്‍കി ഫോണ്‍ ബ്ലോക്ക് ചെയ്യുന്നതിനുള്ള അപേക്ഷ സമര്‍പ്പിക്കാം. ശേഷം ഒരു റിക്വസ്റ്റ് ഐഡി നിങ്ങള്‍ക്ക് ലഭിക്കും. ഇതുപയോഗിച്ച് നിങ്ങളുടെ അപേക്ഷയില്‍ നടപടിയെടുത്തോ എന്ന് പരിശോധിക്കാം. 24 മണിക്കൂറില്‍ തന്നെ നിങ്ങള്‍ നല്‍കിയ ഐഎംഇഐ നമ്പര്‍ ബ്ലോക്ക് ചെയ്യപ്പെടും. പിന്നീട് ഒരു സിം കാര്‍ഡും ആ ഫോണില്‍ പ്രവര്‍ത്തിക്കുകയില്ല.

ഫോണ്‍ തിരിച്ചുകിട്ടിയാല്‍ www.ceir.gov.in വെബ്‌സൈറ്റിലൂടെ തന്നെ ഫോണ്‍ അണ്‍ബ്ലോക്ക് ചെയ്യാം. വെബ് സൈറ്റില്‍ അതിനായുള്ള ബട്ടണില്‍ ക്ലിക്ക് ചെയ്‌ത റിക്വസ്റ്റ് ഐഡി നല്‍കിയതിന് ശേഷം അണ്‍ബ്ലോക്ക് ചെയ്യാനുള്ള കാരണം വ്യക്തമാക്കി സബ്‌മിറ്റ് ചെയ്യാം. അണ്‍ബ്ലോക്ക് ചെയ്‌ത ഫോണില്‍ പിന്നീട് സിംകാര്‍ഡ് ഇട്ട് ഉപയോഗിക്കാം.