പരിസ്ഥിതിയോടും മാനവരാശിയോടും പ്രതിബദ്ധത പാലിക്കാം; ഇന്ന് ലോക പരിസ്ഥിതി ദിനം

ഇന്ന് ലോക പരിസ്ഥിതിദിനം. പരിസ്ഥിതിസംരക്ഷണത്തിന്‍റെ പ്രാധാന്യം ഓർമപ്പെടുത്തുകയാണ് ഓരോ പരിസ്ഥിതിദിനവും. ഭൂമിയിലെ പച്ചപ്പും ജൈവവൈവിധ്യവും സംരക്ഷിക്കുക എന്നതാണ് ഇത്തവണത്തെ സന്ദേശം.

കാട് വെട്ടിത്തെളിച്ച് കെട്ടിടങ്ങളും റോഡുകളും പാലങ്ങളും നിർമിച്ചു. ഭൂമിയിലെ പച്ചപ്പ് ഇല്ലാതായി. നദികൾ വറ്റി വരണ്ടു. ആവാസവ്യവസ്ഥ നശിച്ചതോടെ വന്യമൃഗങ്ങൾ കാടുവിട്ട് ജനവാസമേഖലകളിലേക്ക് ഇറങ്ങി. രാപകലില്ലാതെ ആശങ്കയിൽ കഴിയുന്ന മനുഷ്യർ. മുൻപെങ്ങുമില്ലാത്ത വിധം കൊടുംവേനലും വരൾച്ചയും. കാലാവസ്ഥാവ്യതിയാനവും ആഗോളതാപനവും മനുഷ്യരാശിയുടെ നിലനിൽപ്പിന് തന്നെ വെല്ലുവിളി ഉയർത്തുന്ന കാലത്താണ് ഒരു പരിസ്ഥിതി ദിനം കൂടി വന്നെത്തുന്നത്. ഭൂമിയെ സംരക്ഷിക്കുന്നതിന് മരങ്ങൾ വച്ചുപിടിപ്പിക്കുക, മാലിന്യം നിറഞ്ഞ് വറ്റിപ്പോയ ജലസ്രോതസ്സുകൾ പുനരുജ്ജീവിപ്പിക്കുക തുടങ്ങിയ ലക്ഷ്യത്തോടെയാണ് ഇത്തവണ പരിസ്ഥിതി ദിനാചരണം. 1972 മുതലാണ് ഐക്യരാഷ്ട്രസംഘടനയുടെ നേതൃത്വത്തിൽ ഈ ദിനം ആചരിക്കാൻ തുടങ്ങിയത്.

പരിസ്ഥിതി നശിക്കുന്നത് നമ്മുടെ സ്വന്തം നാശം തന്നെയാണെന്ന് ലോകം തിരിച്ചറിയാൻ തുടങ്ങിയ പശ്ചാത്തലത്തിൽ കൂടുതൽ ഹരിത, പരിസ്ഥിതി സൗഹൃദ പ്രോജക്ടുകളിലേക്കാണ് വൻ കമ്പനികൾ ഉൾപ്പെടെ നീങ്ങുന്നത്. കാലാവസ്ഥാ വ്യതിയാനവും അപൂർവമായ പ്രകൃതി ദുരന്തങ്ങളും ഒഴിവാക്കാൻ ലോകരാജ്യങ്ങളും ശ്രമിച്ചുവരുന്നുണ്ട്.