ഫോണിൽ ഈ സന്ദേശം ലഭിച്ചവർ ശ്രദ്ധിക്കുക? മുന്നറിയിപ്പുമായി പോലീസ്

വീട്ടിലിരുന്ന പണം സമ്പാദിക്കാമെന്ന സന്ദേശം കണ്ട ഉടനെ എടുത്തുചാടരുതെന്ന് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് കേരള പോലീസ്. സൂക്ഷിച്ചില്ലെങ്കിൽ പണം മാത്രമല്ല മാനവും പോകും. വർക്ക് ഫ്രം ഹോം തട്ടിപ്പ് കേസുകൾ ഏറിയതോടെയാണ് ജാഗ്രതാ നിർദേശവുമായി പോലീസ് രംഗത്തെത്തിയത്. വീട്ടിലിരുന്ന് പണം സമ്പാദിക്കാം എന്ന മോഹന വാഗ്ദാനം വിശ്വസിച്ച് മൊബൈൽ ഫോണിൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുന്നവരാണ് തട്ടിപ്പിനിരയാകുന്നത്.

സുഹൃത്തുക്കളിൽ നിന്നോ അജ്ഞാത നമ്പറിൽ നിന്നോ ആകാം ഇത്തരം സാമ്പത്തിക തട്ടിപ്പിന് തുടക്കം കുറിക്കുന്ന ലിങ്ക് ലഭിക്കുക. ഈ ലിങ്കിലൂടെ വെബ്സൈറ്റിൽ കയറുമ്പോൾ യൂസർ അക്കൗണ്ട് തുടങ്ങാൻ ആവശ്യപ്പെടുന്നു. തുടർന്ന് ചില മൊബൈൽ ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യാൻ നിർദ്ദേശിക്കും. ഈ ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യുമ്പോൾ യൂസർ അക്കൗണ്ടിൽ തുക ലഭിച്ചതായി കാണാം.

കൂടുതൽ പണം സമ്പാദിക്കാനായി കൂടുതൽ ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യണമെന്നും അതിന് ഒരു നിശ്ചിത തുക ഡെപ്പോസിറ്റ് ചെയ്യണമെന്നും ആവശ്യപ്പെടുന്നു. ഓരോ ഘട്ടം കഴിയുമ്പോഴും വ്യാജ വെബ്സൈറ്റിലെ അക്കൗണ്ടിൽ തുക വർദ്ധിക്കുന്നതായി കാണാം. കൂടാതെ ഈ വെബ്സൈറ്റിൻ്റെ ലിങ്ക് കൂടുതൽ ആളുകൾക്ക് അയച്ചുനൽകിയാൽ കൂടുതൽ വരുമാനം വർദ്ധിക്കുമെന്ന വാഗ്ദാനവും കിട്ടും.

അക്കൗണ്ടിലെ പണം പിൻവലിക്കാൻ കഴിയാതെ വരുമ്പോൾ മാത്രമാണ് വഞ്ചിക്കപ്പെട്ടെന്ന് നിങ്ങൾ മനസിലാക്കുക. അപ്പോഴേയ്ക്കും ഈ ലിങ്കിലൂടെ കൂടുതൽ പേർ തട്ടിപ്പിന് ഇരകളായിട്ടുണ്ടാകും. ഇത്തരത്തിൽ ലഭിക്കുന്ന സന്ദേശങ്ങളിലൂടെയുള്ള ഓൺലൈൻ ജോലികൾക്ക് ഒരിക്കലും ശ്രമിക്കരുതെന്ന് പോലീസ് മുന്നറിയിപ്പ് നൽകുന്നു. എളുപ്പവഴിയിലൂടെ പണം സമ്പാദിക്കാനുള്ള വഴികൾ തട്ടിപ്പിലേക്കുള്ള വഴികളായിരിക്കും. ഓൺലൈൻ സാമ്പത്തിക തട്ടിപ്പിനിരയായാൽ ഒരു മണിക്കൂറിനകം 1930 എന്ന നമ്പറിൽ വിവരമറിയിക്കുകയോ www.cybercrime.gov.in എന്ന വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യുകയോ വേണമെന്ന് പോലീസ് അറിയിച്ചു.