കേരളത്തിലെ വിവിധ ജില്ലകളില്‍ ഇന്നും മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും മുകളിലായി ശക്തി കൂടിയ ന്യുന മർദ്ദം സ്ഥിതി ചെയ്യുകയാണ്. ഇത് വടക്ക് പടിഞ്ഞാറു ദിശയിൽ സഞ്ചരിച്ചു വടക്കൻ ആന്ധ്രാ പ്രദേശ് – തെക്കൻ ഒഡിഷ തീരത്തേക്ക് നീങ്ങാനാണ് സാധ്യത. തെക്കൻ കൊങ്കൺ തീരം മുതൽ വടക്കൻ കേരള തീരം വരെ നിലനിന്നിരുന്ന തീരദേശ ന്യുന മർദ്ദപാത്തിയും ദുർബലമായിട്ടുണ്ട്.
ഇന്ന് കേരളത്തിലെ വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലാണ് യെല്ലോ അലെര്‍ട്ടുള്ളത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.
അതേസമയം, തെക്കന്‍ കേരളത്തിലെ ജില്ലകളിലും ഒറ്റപ്പെട്ട ഇടങ്ങളില്‍ നേരീയ മഴയ്ക്ക് സാധ്യത പ്രവചിക്കപ്പെട്ടിട്ടുണ്ട്.