വിമാനങ്ങളിൽ യാത്രികരുടെ സുരക്ഷയ്ക്കായി പാരച്യൂട്ടുകൾ ഇല്ലാത്തത് എന്തുകൊണ്ട്?!

വിമാന ദുരന്തങ്ങൾ സംഭവിക്കുമ്പോൾ ഒരുപക്ഷേ നിങ്ങളിൽ പലരും ചിന്തിച്ചിരിക്കും എന്തുകൊണ്ടാണ് വിമാനങ്ങളിൽ യാത്രികർക്ക് ചാടി രക്ഷപ്പെടാൻ പാരച്യൂട്ടുകൾ നൽകാത്തത് എന്ന്. യുദ്ധവിമാനങ്ങളിലും സൈനിക വിമാനങ്ങളിലും പാരച്യൂട്ടുകൾ ഉണ്ട്. ഏത് അടിയന്തര സാഹചര്യത്തിലും യുദ്ധവിമാനങ്ങളിലും സൈനിക വിമാനങ്ങളിലും ഉള്ള ആളുകൾക്ക് പാരച്യൂട്ടുകൾ ഉപയോഗിച്ച് ജീവൻ രക്ഷിക്കാൻ കഴിയും. യുദ്ധവിമാനങ്ങളിലും സൈനിക വിമാനങ്ങളിലും യാത്രക്കാർക്ക് അത്യാഹിത ഘട്ടങ്ങളിൽ ഉപയോഗിക്കാൻ കഴിയുന്ന ഒന്നിലധികം പാരച്യൂട്ടുകൾ ഉണ്ട്. അത്തരമൊരു സാഹചര്യത്തിൽ, യാത്രക്കാരുടെ സുരക്ഷയ്ക്കായി വാണിജ്യ വിമാനങ്ങളിൽ പാരച്യൂട്ടുകൾ ഇല്ലാത്തത് എന്തുകൊണ്ടാണ്? ഇതാ അറിയേണ്ടതെല്ലാം

പരിശീലനം ആവശ്യമാണ്

പാരച്യൂട്ടുകൾ ഉപയോഗിക്കാൻ മികച്ച പരിശീലനം ആവശ്യമാണ്. പരിശീലനമില്ലാതെ പാരച്യൂട്ട് ഉപയോഗിക്കുന്നത് മാരകമായ അപകടങ്ങൾക്ക് കാരണമായേക്കാം. പാരച്യൂട്ടുകൾ യാത്രാ വിമാനങ്ങളിൽ നൽകാത്തതിന്‍റെ കാരണങ്ങളിൽ ഒന്ന് ഇതാണ്. വാണിജ്യ വിമാനങ്ങളിൽ പാരച്യൂട്ടുകൾ ഉപയോഗിക്കാൻ പരിശീലനം നേടിയ ഒരു യാത്രക്കാരനും ഉണ്ടാകില്ല. അത്തരമൊരു സാഹചര്യത്തിൽ, യാത്രക്കാർക്ക് പാരച്യൂട്ടുകൾ ലഭിച്ചാൽ, അവർക്ക് അത് ശരിയായി ഉപയോഗിക്കാൻ കഴിയില്ല എന്നു മാത്രമല്ല അവരുടെ ജീവൻ കൂടുതൽ അപകടത്തിലാക്കുകയും ചെയ്യും.

വാണിജ്യ വിമാനങ്ങളുടെ ഉയർന്ന വേഗത

സ്കൈഡൈവിംഗ് വിമാനങ്ങൾ വാണിജ്യ വിമാനങ്ങളിൽ നിന്ന് വളരെ വ്യത്യസ്തമാണ്. സ്കൈഡൈവിംഗ് വിമാനങ്ങൾ 15,000 മുതൽ 16,000 അടി വരെ ഉയരത്തിൽ പറക്കുന്നു. അവയുടെ വേഗത കുറവാണ്. അതേസമയം പാസഞ്ചർ വിമാനങ്ങൾ 35,000 അടി വരെ ഉയരത്തിൽ പറക്കുന്നു. അവയുടെ വേഗത വളരെ ഉയർന്നതാണ്. അത്തരമൊരു സാഹചര്യത്തിൽ, ഒരു വാണിജ്യ വിമാനത്തിൽ നിന്ന് ചാടുന്നത് അപകടം ആയേക്കാം. നിങ്ങൾക്ക് പരിക്കേൽക്കുകയും ചെയ്യും.

വാണിജ്യ വിമാനങ്ങൾ വളരെ വലുതാണ്

വാണിജ്യ വിമാനങ്ങൾ സ്കൈഡൈവിംഗിനായി രൂപകൽപ്പന ചെയ്തവയല്ല. സ്കൈഡൈവിംഗ് വിമാനങ്ങൾ വളരെ വ്യത്യസ്തമാണ്. അവ വലിപ്പത്തിൽ ചെറുതാണ്. സൈനിക വിമാനങ്ങൾക്ക് പിന്നിൽ ഒരു റാമ്പ് ഉണ്ട്. ചാടാൻ ഇതുപയോഗിക്കാം. എന്നാൽ വാണിജ്യ വിമാനങ്ങൾക്ക് അത്തരമൊരു റാമ്പ് ഇല്ല. കൂടാതെ അവ വളരെ വലുതാണ്. നിങ്ങൾ ഒരു വാണിജ്യ വിമാനത്തിൽ നിന്ന് ചാടിയാലും നിങ്ങൾ വിമാനത്തിന്റെ ചിറകുകളിലോ വാലിലോ ഇടിച്ചേക്കാം. അത്തരമൊരു സാഹചര്യത്തിൽ, പാരച്യൂട്ടിന് നിങ്ങളെ സംരക്ഷിക്കാൻ കഴിയില്ല.

വാണിജ്യ വിമാനങ്ങൾ വളരെ ഉയരത്തിൽ പറക്കുന്നു

ഏറ്റവും അപകടസാധ്യതയുള്ള സ്കൈഡൈവുകൾ പോലും ഭൂമിയിൽ നിന്ന് 15,000-16,000 അടിയിൽ കൂടുതൽ ഉയരത്തിലല്ല നടക്കുന്നത്. ഈ സ്കൈഡൈവർമാർ ചാടുന്ന വിമാനങ്ങൾ സാധാരണയായി ചെറുതായിരിക്കും. വളരെ വേഗത്തിൽ നീങ്ങുകയുമില്ല. ഇതിനു വിപരീതമായി, മിക്ക വാണിജ്യ വിമാനങ്ങളും ഏകദേശം 35,000 അടി ഉയരത്തിലാണ് സഞ്ചരിക്കുന്നത്. അവിടെ ശ്വസിക്കാൻ കഴിയുന്ന വായു ലഭ്യമല്ല. മാത്രമല്ല വളരെ വേഗത്തിൽ പറക്കുകയും ചെയ്യുന്നു.

ഏറ്റവും കൂടുതൽ അപകടങ്ങൾ ലാൻഡിംഗിലും ടേക്ക് ഓഫിലും

മിക്ക മാരകമായ വിമാനാപകടങ്ങളും സംഭവിക്കുന്നത് ലാൻഡിംഗ് അല്ലെങ്കിൽ ടേക്ക് ഓഫിനിടയിലാണ്. പാരച്യൂട്ടുകൾ എന്തായാലും ഉപയോഗശൂന്യമാകുന്ന സമയങ്ങളാണിത്.

പാരച്യൂട്ടുകൾ വളരെ ചെലവേറിയതാണ്

ഒരു വാണിജ്യ വിമാനത്തിലെ എല്ലാ യാത്രക്കാർക്കും പാരച്യൂട്ടുകൾ നൽകുന്നത് എയർലൈനുകൾക്ക് കൂടുതൽ ചിലവ് വരുത്തും. കൂടാതെ, പാരച്യൂട്ടുകൾ വളരെ ഭാരമുള്ളവയാണ്. വിമാനത്തിലെ എല്ലാ യാത്രക്കാർക്കും പാരച്യൂട്ടുകൾ വച്ചാൽ, വിമാനത്തിന്റെ ഭാരം വർദ്ധിക്കും. അതേസമയം, പാരച്യൂട്ടുകൾ വളരെ വലുതായതിനാലും ഒരു വാണിജ്യ വിമാനത്തിൽ അത്രയും സ്ഥലം ഇല്ലാത്തതിനാലും സീറ്റിനടിയിൽ പാരച്യൂട്ടുകൾ ക്രമീകരിക്കുന്നതും ബുദ്ധിമുട്ടാണ്.

മൊത്തത്തിൽ, വാണിജ്യ വിമാനങ്ങളിൽ പാരച്യൂട്ടിംഗ് പ്രായോഗികമായും സാമ്പത്തികമായും നല്ല ഓപ്ഷൻ അല്ല. ഇനി അവ നൽകിയാൽ പോലും, ഒരു അടിയന്തഘട്ടത്തിൽ എല്ലാ ജീവനുകളെയും രക്ഷിക്കാനുള്ള സാധ്യത വളരെ കുറവുമാണ്.