വാട്സ്ആപ്പിൽ സന്ദേശങ്ങളും സ്റ്റാറ്റസുകളും ഓർമിപ്പിക്കാൻ ഇനി റിമൈൻഡറും

നമ്മൾ കൂടുതലായി ഇടപെടുന്ന ആളുകളുടെ സ്റ്റാറ്റസുകളും മെസേജുകളെയും കുറിച്ച് വാട്സ്ആപ്പ് തന്നെ ഇനി നമ്മെ ഓർമിപ്പിക്കും. ഇതിനായി നമ്മൾ സ്ഥിരമായി നടത്തുന്ന ആശയവിനിമയങ്ങൾ വാട്സ്ആപ്പ് വിശകലനം ചെയ്യുമെന്നാണ് റിപ്പോർട്ട്. എന്നാൽ ഈ വിവരങ്ങൾ ബാക്കപ്പിലോ സെർവറിലോ സൂക്ഷിക്കില്ലെന്ന് കമ്പനി വ്യക്തമാക്കുന്നു. ഉപഭോക്താവിന് ശല്യമാകാത്ത രീതിയിലാണ് റിമൈൻഡർ നൽകുക.

വാട്സ്ആപ്പ് ബീറ്റാ (2.24.25.29) ഉപഭോക്താക്കൾക്ക് ഈ സേവനം ഇപ്പോൾ ലഭ്യമായി തുടങ്ങിയിട്ടുണ്ട്. ഉടൻ തന്നെ മറ്റ് വേർഷനുകളിലും ഈ അപ്‌ഡേഷൻ ലഭ്യമായി തുടങ്ങും. റിമൈൻഡറുകൾ ലഭിക്കാൻ താൽപര്യമില്ലാത്തവർക്ക് റിമൈൻഡർ സംവിധാനം ഓഫ് ചെയ്ത് വയ്ക്കാനുള്ള ഓപ്ഷനുമുണ്ട്.

അടുത്തിടെ വാട്സ്ആപ്പ് അവതരിപ്പിച്ച സ്റ്റാറ്റസ് മെൻഷൻ ഓപ്ഷനും ഇതിനോടൊപ്പം ശ്രദ്ധേയമാണ്. ഒരു സ്റ്റാറ്റസ് ഇടുമ്പോൾ ഗ്രൂപ്പിലെ എല്ലാവരേയും മെൻഷൻ ചെയ്യാനും ഇതിലൂടെ സാധിക്കും. നിലവിൽ അഞ്ച് വ്യക്തികളെ മാത്രമേ ഒരു സ്റ്റാറ്റസിൽ മെൻഷൻ ചെയ്യാൻ സാധിക്കൂ. ഗ്രൂപ്പുകളെ മെൻഷൻ ചെയ്യാനുള്ള അവസരം ലഭിക്കുന്നതിലൂടെ വ്യക്തികളെ പ്രത്യേകം സ്റ്റാറ്റസുകളിൽ മെൻഷൻ ചെയ്യേണ്ടതുമില്ല. ഗ്രൂപ്പിനെ മെൻഷൻ ചെയ്യുന്നതിലൂടെ അംഗങ്ങൾക്ക് മെൻഷനെക്കുറിച്ച് അറിയിപ്പും ലഭിക്കും. ഈ അപ്ഡേഷനിലൂടെ അംഗങ്ങൾക്ക് സ്റ്റാറ്റസ് കാണാനാകും.