വാട്സ്ആപ്പിൽ വീണ്ടും പുത്തൻ പരീക്ഷണത്തിന് മെറ്റ

വാട്സ്ആപ്പില്‍ ഈയടുത്തിടെ ലഭ്യമായ നീല വളയം (മെറ്റ എഐ) ഏറെ സഹായകരമാണെന്ന് ഇതിനോടകം ഉപയോക്താക്കളുടെ പ്രതികരണങ്ങളില്‍ നിന്ന് മനസ്സിലാകുന്നു. തെരഞ്ഞെടുക്കപ്പെട്ട രാജ്യങ്ങളിലാണ് മെറ്റ എഐ ചാറ്റ്ബോട്ട് പുറത്തിറക്കിയത്. ഇതിന് പിന്നിലെ എഐയിൽ പുത്തൻ പരീക്ഷണങ്ങൾക്കൊരുങ്ങുകയാണ് മെറ്റ. ‘Imagine Me’ എന്നാണ് പുതിയ ഫീച്ചറിന്റെ പേര്.

യഥാർത്ഥ ചിത്രങ്ങൾ ഉപയോ​ഗിച്ച് ഇഷ്ടാനുസരണം സ്റ്റിക്കറുകളും എഐ അവതാറുകളും ഇമാജിൻ മി വഴി നിർമിക്കാൻ സാധിക്കും. ഇവ പ്രൊഫൈൽ പിക്ചറാക്കി മാറ്റാനും സാധിക്കും. വാട്‌സ്ആപ്പിന്റെ ആൻഡ്രോയ്‌ഡ് 2.24.14.13 ബീറ്റ വേർഷനിൽ ഇത് പരീക്ഷണാടിസ്ഥാനത്തിൽ ലഭ്യമാക്കിയിട്ടുണ്ട്. പുത്തൻ ഫീച്ചറിന്റെ സ്ക്രീൻഷോട്ടുകൾ വാബെറ്റ് പുറത്തുവിട്ടിട്ടുണ്ട്. ഓപ്ഷണലായാണ് ഇമാൻജിൻ മി ലഭ്യമാകുകയെന്നും സെറ്റിം​ഗ്സിൽ അനുമതി നൽകിയാൽ മാത്രമേ ഉപയോ​ഗിക്കാൻ സാധിക്കൂവെന്നാണ് സ്ക്രീൻഷോട്ടിലൂടെ അറിയാൻ സാധിക്കുന്നത്.

മെറ്റ എഐ ചാറ്റ്‌ബോട്ടുമായി സംസാരിക്കുമ്പോൾ ചിത്രം നൽകി, ‘ഇമാജിൻ മി’ എന്ന് ടൈപ്പ് ചെയ്‌താൽ എഐ ചിത്രം സൃഷ്ടിക്കാവുന്നതാണ്. ‘@Meta AI imagine me’ എന്ന കമാൻഡ് വഴി ഉപയോക്താക്കൾക്ക് മറ്റുള്ളവരുമായി സംസാരിക്കുമ്പോഴും ഇത് ഉപയോ​ഗിക്കാവുന്നതാണ്.

ഓരോ പ്ലാറ്റ്ഫോമിലേക്കും പ്രത്യേകമായാണ് മെറ്റ എഐ സൗകര്യങ്ങളൊരുക്കിയിട്ടുള്ളത്. ഫെയ്സ്ബുക്ക്, ഇൻസ്റ്റ​ഗ്രാം, മെസഞ്ച‍ർ എന്നിവയിലും meta.ai എന്ന യുആർഎൽ വഴിയും എഐ ചാറ്റ്ബോട്ട് നേരിട്ടും ഉപയോ​ഗിക്കാം. നിർദ്ദേശം നൽകിയാൽ വ്യക്തിയോട് എന്ന പോലെ ഉപയോക്താവിന് എഐ അസിസ്റ്റന്റുമായി സംസാരിക്കാം. പ്രാദേശിക ഭാഷയിലും മെറ്റ എഐ പ്രതികരിക്കും.