‘റിങ് എവൽഷൻ’ നിസാരമല്ല, മാധ്യമപ്രവര്‍ത്തകയുടെ അനുഭവം മറ്റുള്ളവര്‍ക്കുള്ള ഓര്‍മപ്പെടുത്തല്‍

ബസ്സിൽ നിന്ന് ഇറങ്ങുന്നതിനിടെയുണ്ടായ അപകടത്തിൽ മാധ്യമപ്രവർത്തക രാഖി റാസിന്റെ വിരൽ അറ്റുപോയത് ഞെട്ടിച്ച സംഭവമായിരുന്നു. വലതു കൈയിലെ മോതിരവിരലാണ് രാഖിക്ക് അപകടത്തിൽ നഷ്ടമായത്. കോഴിക്കോട്ട് ബസ് ഇറങ്ങുന്നതിനിടെ ബസിനുള്ളിലെ മൂർച്ചയേറിയ ലോഹഭാഗത്ത് അവരുടെ മോതിരം കുടുങ്ങുകയായിരുന്നു. മോതിരം കുടുങ്ങുന്നതും രാഖി ബസ്സിൽ നിന്നിറങ്ങുന്നതും ഒരുമിച്ചായിരുന്നു. ഈ ആഘാതത്തിലാണ് വിലൽ അറ്റുപോയത്. രാഖിയെ ഉടൻ തന്നെ ഒരു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ആംപ്യൂട്ടേഷൻ അല്ലാതെ മറ്റ് മാർഗങ്ങളില്ലെന്ന് ഡോക്ടർമാർ പറയുകയായിരുന്നു. ‘റിങ് എവൽഷൻ (Ring Avulsion)’ എന്ന ഗുരുതരമായ പരിക്കാണ് സംഭവിച്ചതെന്നും ഡോക്ട‌ർമാർ അവരെ അറിയിച്ചു.

എന്താണ് റിങ് എവൽഷൻ?

വളരെ അപൂർവവും എന്നാൽ ഗുരുതരവുമായ ഒരു പരിക്കാണ് റിങ് എവൽഷൻ എന്നാണ് ഹെൽത്ത്ലൈൻ റിപ്പോർട്ട് ചെയ്യുന്നത്. മോതിരം എവിടെയെങ്കിലും കുടുങ്ങി പെട്ടെന്ന് വിരലിൽ നിന്ന് വലിച്ചെടുക്കപ്പെടുമ്പോഴാണ് ഇത് സംഭവിക്കുക. പരിക്ക് ടിഷ്യുകളെയാണ് ബാധിക്കുന്നത്. ആഘാതത്തിൽ ചർമ്മം, പേശികൾ, ടെൻഡൻ, എല്ലുകൾ എന്നിവയ്ക്ക് പരുക്കേൽക്കാനും സാധ്യതയുണ്ട്.

മോതിരം ധരിക്കുന്ന ആർക്കും ഈ അപകടസാധ്യതയുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. യന്ത്രങ്ങളുമായി പ്രവർത്തിക്കുന്നവരും കായികവിനോദങ്ങളിൽ ഏർപ്പെടുന്നവരും പ്രത്യേകം ശ്രദ്ധിക്കണം.

ലക്ഷണങ്ങൾ

  • വിരൽ ഭാഗികമായോ പൂർണ്ണമായോ അടർന്നുപോകുന്നത്.
  • കഠിനമായ വേദന.
  • വിരലിന്റെ ഭാഗത്ത് ചതവ് അല്ലെങ്കിൽ നിറവ്യത്യാസം.
  • വിരൽ ചലിപ്പിക്കാനുള്ള ബുദ്ധിമുട്ട്.

ചികിത്സ

വിരലിനേറ്റ പരിക്ക് വിലയിരുത്താൻ ഡോക്ട‌ർമാർ എക്‌സ്-റേ അല്ലെങ്കിൽ അൾട്രാസൗണ്ട് പോലുള്ള ടെസ്റ്റുകൾ നിർദേശിച്ചേക്കാം. ഈ പരിശോധനകൾ വിരലിന്റെയും അതിലെ എല്ലുകളുടെയും ടിഷ്യുകളുടേയും പൂർണ്ണമായ ചിത്രം അവർക്ക് നൽകും.

 

മിക്കവാറും റിങ് എവൽഷൻ കേസുകളിൽ ശസ്ത്രക്രിയ ആവശ്യമാണെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. എത്രത്തോളം ഗുരുതരമായി പരിക്കേറ്റിട്ടുണ്ട് എന്നതിനെ ആശ്രയിച്ചായിരിക്കും ഈ തീരുമാനം. സാധ്യമെങ്കിൽ വിരൽ വീണ്ടും തുന്നിച്ചേർക്കാനും രക്തയോട്ടം പുനഃസ്ഥാപിക്കാനും ഡോക്‌ടർമാർ ശ്രമിക്കും.