കൊവിഡും എച്ച്എംപിവിയും ഒന്ന് തന്നെയോ?

ചൈനയിലെ ഹ്യുമന്‍ മെറ്റാന്യുമോവൈറസ് (HMPV) വ്യാപനത്തെ ലോകം അതീവ ജാഗ്രതയോടെയും ശ്രദ്ധയോടെയുമാണ് നിരീക്ഷിച്ചുവരുന്നത്. ഇത് മറ്റൊരു കൊവിഡാകുമെന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ പ്രചാരണവും നടക്കുന്നുണ്ട്. ഈ രണ്ട് വൈറസ് ബാധയും തമ്മിലുള്ള സാമ്യങ്ങളും വ്യത്യാസങ്ങളും എന്തെല്ലാം? പരിശോധിക്കാം.

കൊവിഡും എച്ച്എംപിവിയും: സാമ്യതകള്‍

കൊവിഡിന് കാരണമാകുന്ന SARS-Cov-2 വൈറസുകളും എച്ച്എംപിവി വൈറസും ശ്വസനസംബന്ധമായ ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുന്നവയാണ്.

ഏത് പ്രായത്തിലുള്ളവരിലേക്കും ഇരുവൈറസുകളും പകരാം. രോഗപ്രതിരോധ ശേഷി കുറഞ്ഞവരില്‍ വളരെ വേഗം വൈറസ് വ്യാപനമുണ്ടാകാം.

ഇരുവൈറസുകളും ശരീരത്തില്‍ പ്രവേശിച്ചാല്‍ സമാനമായ ലക്ഷണങ്ങളാണുണ്ടാകുക. പനി, ശ്വാസമെടുക്കുന്നതിനുള്ള ബുദ്ധിമുട്ട്, ചുമ, മൂക്കടപ്പ് മുതലായവയാണ് ലക്ഷണങ്ങള്‍.

ശരീരസ്രവങ്ങളിലൂടെയാണ് ഇരുരോഗങ്ങളും ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് പകരുന്നത്. മൂക്ക്, വായ, കണ്ണ് എന്നീ അവയവങ്ങളില്‍ തൊടുകയും സ്രവങ്ങളുമായി ബന്ധപ്പെടുകയും ചെയ്യുന്നത് വൈറസ് വളരെ വേഗത്തില്‍ പകരുന്നതിന് കാരണമാകുന്നു.

കൊവിഡ് വ്യാപനവും എച്ച്എംപിവി വൈറസ് വ്യാപനവും സീസണല്‍ ആയാണ് നടക്കുകയെന്നും വിവിധ തരംഗങ്ങള്‍ ഉണ്ടായേക്കാമെന്നും സയന്‍സ് ഡയറക്ട് പഠനത്തില്‍ പറയുന്നു.

ഇവ രണ്ടും എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നു?

കൊവിഡ് പോലെ ലോകമെങ്ങും വ്യാപിച്ച് ഒരു മഹാമാരിയായി എച്ച്എംപിവി പരിണമിക്കാന്‍ സാധ്യതയില്ലെന്നാണ് ആരോഗ്യവിദഗ്ധര്‍ വിലയിരുത്തുന്നത്. അതിശൈത്യത്തിന്റെ സമയത്തോ ശരത്കാലത്തിന്റെ തുടക്കത്തിലോ ആകും ഇതിന്റെ വ്യാപനം.

ഇത് പ്രധാനമായും ശ്വാസകോശത്തിന്റെ ഉപരിഭാഗത്തെ ബാധിക്കുന്നതാണെങ്കിലും പയ്യെ ഇത് ശ്വാസകോശത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് വ്യാപിക്കാന്‍ സാധ്യതയുണ്ട്. അണുബാധയ്ക്കും വൈറസ് കാരണമാകും.

ഇത് ന്യൂമോവിരിഡേ കുടുംബത്തില്‍ ഉള്‍പ്പെടുന്ന വൈറസാണ്. റെസ്പിറേറ്ററി സിന്‍സിറ്റിയല്‍ വൈറസും ഇതില്‍ ഉള്‍പ്പെടുന്നു. ഇതിന് ഇതേവരെ വാക്‌സിന്‍ ലഭ്യമായിട്ടില്ല.