ആറുവരി പാതയിലെ ആക്സിലറേഷൻ ലെയിൻ അറിയില്ലെങ്കിൽ അറിഞ്ഞിരിക്കണം, ഇല്ലെങ്കിൽ അപകടം

ആറുവരി പാതയിലൂടെ വാഹനം ഓടിക്കാറുണ്ടെങ്കിലും പലർക്കും ഈ പാതകളിലെ ഗതാഗത നിയമങ്ങളെക്കുറിച്ച് ഇപ്പോഴും വലിയ ധാരണയില്ല. ലെയിൻ ട്രാഫിക്ക്, പ്രധാന റോഡിലേക്കുള്ള എൻട്രി, സർവീസ് റോഡിലേക്കുള്ള എക്സിറ്റ് തുടങ്ങിയ കാര്യങ്ങൾ വ്യക്തമായി അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്.

മുകളിൽ പറഞ്ഞവയെക്കുറിച്ച് ഏകദേശ ധാരണയുള്ളവരാണ് നമ്മളിൽ മിക്കവരും. എന്നാൽ ‘ആക്‌സിലറേഷൻ ലെയിൻ’ എന്ന് നിങ്ങൾ എപ്പോഴെങ്കിലും കേട്ടിട്ടുണ്ടോ?

എന്താണ് ആക്സ്‌സിലറേഷൻ ലെയിൻ എന്നും എങ്ങനെ ഇതിലൂടെ വാഹനം ഓടിക്കാം എന്നും വിശദീകരിക്കുകയാണ് കേരള മോട്ടോർ വാഹനവകുപ്പ്. തങ്ങളുടെ ഔദ്യോഗിക ഫെയ്‌സ് ബുക്ക് പേജിലൂടെയാണ് മോട്ടോർവാഹനവകുപ്പ് ഇക്കാര്യത്തെക്കുറിച്ചുള്ള ഒരു വീഡിയോ പൊതുജനങ്ങൾക്കായി പങ്കുവെച്ചിരിക്കുന്നത്.

വീഡിയോയിൽ പറയുന്നത് ഇങ്ങനെ:

ഉയർന്ന വേഗതയിൽ തടസ്സമില്ലാതെ സഞ്ചരിക്കുന്നതിനായാണ് ദേശീയ പാതകൾ ആറുവരിയായി ഡിസൈൻ ചെയ്തിരിക്കുന്നത്. സർവീസ് റോഡിലൂടെ കുറഞ്ഞ വേഗത്തിൽ വരുന്ന വാഹനങ്ങൾ, 100 കിലോമീറ്റർ വരെ വേഗത അനുവദിച്ചിട്ടുള്ള പ്രധാന റോഡിലേക്ക് പ്രവേശിക്കുന്ന സമയത്ത് ആ പെട്ടെന്നുള്ള എൻട്രി മറ്റ് വാഹനങ്ങൾക്ക് തടസ്സമാവുകയും അത് അപകടത്തിന് കാരണമാവുകയും ചെയ്യും.

കുറഞ്ഞവേഗതയിൽ സർവീസ് റോഡിൽനിന്ന് വാഹനങ്ങൾ പ്രധാനറോഡിലേക്ക് കയറുന്ന ഭാഗത്ത് ഒരു മെർജിങ് പോയിൻ്റ് സൂചനാ ബോർഡ് ഉണ്ട്. ഈ മെർജിങ് പോയിന്റിലൂടെ പ്രധാന പാതയിലേക്ക് പ്രവേശിക്കുന്ന വാഹനങ്ങളുടെ വേഗത വർധിപ്പിക്കുന്നതിനായി നൽകിയിരിക്കുന്ന ലെയിനാണ് ആക്സിലറേഷൻ ലെയിൻ. സർവീസ് റോഡിൽ നിന്ന് ഒരിക്കലും നേരിട്ട് പ്രധാന പാതയിലേക്ക് പ്രവേശിക്കാൻ പാടില്ല.