നിങ്ങളുടെ ഫോൺ ഹാക്ക് ചെയ്യപ്പെട്ടോ? സുരക്ഷാ ഭീഷണികൾ എങ്ങനെ തിരിച്ചറിയാം, പരിഹരിക്കാം

നമ്മുടെ വ്യക്തിജീവിതത്തിലെ സുപ്രധാന വിവരങ്ങളും സാമ്പത്തിക ഇടപാടുകളും സ്മാർട്ട്ഫോണുകളിലൂടെ നടക്കുന്ന ഈ കാലത്ത് ഫോൺ ഹാക്കിംഗ് വലിയൊരു ഭീഷണിയാണ്. ഹാക്കർമാർ പലപ്പോഴും വളരെ രഹസ്യമായാണ് ഫോണിൽ കടന്നുകൂടുന്നത് എങ്കിലും, ചില ലക്ഷണങ്ങളിലൂടെയും പ്രത്യേക കോഡുകളിലൂടെയും ഇത് തിരിച്ചറിയാൻ സാധിക്കും.

നിങ്ങളുടെ ഫോൺ ടാപ്പ് ചെയ്യപ്പെടുന്നുണ്ടോ എന്നറിയാൻ ഏറ്റവും എളുപ്പമുള്ള മാർഗ്ഗമാണ് യു.എസ്.എസ്.ഡി (USSD) കോഡുകൾ അഥവാ ക്വിക്ക് കോഡുകൾ. ഫോണിലെ ഡയൽ പാഡ് ഉപയോഗിച്ച് ഇത്തരം രഹസ്യ കോഡുകൾ ടൈപ്പ് ചെയ്യുന്നതിലൂടെ സുരക്ഷയുമായി ബന്ധപ്പെട്ട പ്രധാന വിവരങ്ങൾ നമുക്ക് ലഭ്യമാകും. ഉദാഹരണത്തിന്, #06# എന്ന കോഡിലൂടെ ഫോണിന്‍റെ ഐ.എം.ഇ.ഐ (IMEI) നമ്പർ കണ്ടെത്താം. നിങ്ങളുടെ കോളുകളോ സന്ദേശങ്ങളോ മറ്റാരെങ്കിലും ചോർത്തുന്നുണ്ടോ എന്നറിയാൻ *#21# എന്ന കോഡ് സഹായിക്കും. കോൾ ഫോർവേഡിംഗ് നിലവിലുണ്ടോ എന്ന് പരിശോധിക്കാൻ *#62#, *#61#, *#67# തുടങ്ങിയ കോഡുകൾ ഉപയോഗിക്കാം. എല്ലാത്തരം ഫോർവേഡിംഗുകളും ഒരൊറ്റ ക്ലിക്കിലൂടെ റദ്ദാക്കാൻ ##002# ഡയൽ ചെയ്താൽ മതിയാകും. ആൻഡ്രോയിഡ് ഉപയോക്താക്കൾക്ക് ഫോണിലെ അജ്ഞാത കണക്ഷനുകൾ പരിശോധിക്കാൻ *##4636## എന്ന കോഡും ഐഫോൺ ഉപയോക്താക്കൾക്ക് 3001#12345# എന്ന കോഡും പരീക്ഷിക്കാവുന്നതാണ്.

കോഡുകൾക്ക് പുറമെ ഫോണിന്റെ പെരുമാറ്റത്തിലുണ്ടാകുന്ന മാറ്റങ്ങളും ഹാക്കിംഗിന്‍റെ സൂചനകളാണ്. ബാറ്ററി അമിതമായി വേഗത്തിൽ തീരുക, ഉപയോഗത്തിലില്ലാത്തപ്പോൾ പോലും ഫോൺ അമിതമായി ചൂടാകുക എന്നിവ പ്രധാന ലക്ഷണങ്ങളാണ്. സ്പൈവെയറുകൾ (Spyware) പശ്ചാത്തലത്തിൽ പ്രവർത്തിക്കുന്നതിനാലാണ് ഇങ്ങനെ സംഭവിക്കുന്നത്. അതുപോലെ, ഇന്‍റർനെറ്റ് ഡാറ്റ അസാധാരണമാംവിധം ചിലവാകുന്നുണ്ടെങ്കിൽ ഫോണിലെ വിവരങ്ങൾ ഹാക്കർമാരുടെ സെർവറുകളിലേക്ക് അയക്കപ്പെടുന്നുണ്ടാകാം. ഫോൺ പെട്ടെന്ന് ഹാങ്ങ് ആകുകയോ, ആപ്പുകൾ തനിയെ തുറക്കുകയോ, സ്ക്രീൻ താനേ തെളിയുകയോ ചെയ്യുന്നത് റിമോട്ട് ആക്സസ് വഴിയുള്ള ഹാക്കിംഗിന്റെ അടയാളമാണ്.

നിങ്ങൾ അയക്കാത്ത സന്ദേശങ്ങൾ മറ്റുള്ളവർക്ക് പോകുകയോ അപരിചിതമായ നമ്പറുകളിലേക്ക് കോളുകൾ പോകുകയോ ചെയ്യുന്നുണ്ടെങ്കിൽ ഫോൺ പൂർണ്ണമായും ഹാക്കറുടെ നിയന്ത്രണത്തിലാണെന്ന് ഉറപ്പിക്കാം. കൂടാതെ, അനാവശ്യമായ പോപ്പ്-അപ്പ് പരസ്യങ്ങൾ വരുന്നത് മാൽവെയറുകൾ ഫോണിൽ ഉണ്ടെന്നതിന്‍റെ തെളിവാണ്. ഇത്തരം സാഹചര്യങ്ങളിൽ സെറ്റിംഗ്‌സിൽ പോയി ബാറ്ററി, ഡാറ്റ ഉപയോഗം എന്നിവ പരിശോധിക്കുന്നത് ഏത് ആപ്പാണ് വില്ലൻ എന്ന് കണ്ടെത്താൻ സഹായിക്കും. അവസാന മാർഗ്ഗമെന്ന നിലയിൽ ആൻഡ്രോയിഡ് ഫോണുകൾ ഫാക്ടറി റീസെറ്റ് ചെയ്യുന്നതിനായി ##7780## അല്ലെങ്കിൽ 27673855# എന്നീ കോഡുകൾ ഉപയോഗിക്കാം. എന്നാൽ ഇത് ചെയ്യുന്നതിന് മുൻപ് നിങ്ങളുടെ പ്രധാന വിവരങ്ങൾ ബാക്കപ്പ് ചെയ്യാൻ മറക്കരുത്