വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബത്തിന് 6 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍. എസ്.ഡി.ആര്‍.എഫില്‍ നിന്ന് 4 ലക്ഷം രൂപ അനുവദിക്കുന്നതിന് പുറമേ, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് 2 ലക്ഷം രൂപ കൂടി ചേര്‍ത്താണ് ആറ് ലക്ഷം രൂപ ലഭിക്കുക. മരിച്ചവരുടെ കുടുംബാംഗങ്ങളില്ലെങ്കിൽ അടുത്ത ബന്ധുക്കൾക്ക് ധനസഹായം നല്‍കും. ഇതിനായി പിന്തുടർച്ച അവകാശ സർട്ടിഫിക്കറ്റ് ഹാജരാക്കണം. കാണാതായ വ്യക്തികളുടെ ആശ്രിതർക്കും ധനസഹായം ഉണ്ടാകും. 70 % അംഗവൈകല്യം ബാധിച്ചവർക്ക് 75000 രൂപയും 40% മുതല്‍ 60% വരെ വൈകല്യം ബാധിച്ചവര്‍ക്ക് 50000 രൂപ ധനസഹായം നല്‍കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
ദുരിത ബാധിത കുടുംബത്തിന് പ്രതിമാസം 6000 രൂപ വാടക ഇനത്തിൽ നൽകുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ബന്ധുവീടുകളിലേക്ക് മാറുന്നവർക്കും വാടക തുക ലഭിക്കും. സൗജന്യ താമസമൊരുക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്നതിനാല്‍ മുഴുവനായി സ്പോൺസർഷിപ്പ് മുഖേന താമസസൗകര്യം ഒരുക്കുന്ന കെട്ടിടങ്ങളിലോ സർക്കാർ സംവിധാനങ്ങളിലേക്കോ മാറുന്നവർക്ക് വാടക തുക ലഭിക്കില്ല. ഭാഗികമായി സ്പോണ്‍സര്‍ഷിപ്പ് നല്‍കുന്ന കേസുകളില്‍ ശേഷിക്കുന്ന തുക പരമാവധി 6000 രൂപ വരെ പ്രതിമാസ വാടക അനുവദിക്കും.
നഷ്ടപ്പെട്ട സര്‍ട്ടിഫിക്കറ്റുകള്‍ വീണ്ടെടുക്കുന്നതിനായി മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. 2018 ന് സമാനമായി, വിവിധ രേഖകള്‍ നഷ്ടപ്പെട്ടവര്‍ക്ക്, യുണിവേഴ്സിറ്റികള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍, ബോര്‍ഡുകള്‍, കോര്‍പ്പറേഷനുകള്‍, കമ്മീഷനുകള്‍, ഡയറക്ടറേറ്റുകള്‍ തുടങ്ങിയ സ്ഥാപനങ്ങളില്‍ നിന്ന് ഡ്യൂപ്ലിക്കേറ്റ് / പുതുക്കിയ രേഖകള്‍ നല്‍കുമ്പോള്‍ യാതൊരുവിധ ഫീസും ഈടാക്കാന്‍ പാടുള്ളതല്ലെന്ന് ഉത്തരവ് നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. പൊലീസ് നടപടി പൂർത്തിയാക്കി കാണാതായവരുടെ പട്ടിക തയ്യാറാക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
118 പേരെ ഡിഎൻഎ പരിശോധനയിൽ ഇനിയും കണ്ടെത്താനുണ്ട്. വിദഗ്ധ സംഘത്തിന്‍റെ സമഗ്ര റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലായിരിക്കും ദുരന്തം ബാധിച്ച് മേഖലയിലെ പുനരധിവാസം സംബന്ധിച്ച് തീരുമാനമെടുക്കുന്നതെന്നും മുഖ്യമന്ത്രി അറിയിച്ചു. ഭൂവിനിയോഗ രീതികൾ ഈ സംഘത്തിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തീരുമാനിക്കും. വിശദമായ ലിഡാർ സർവേ നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.