ക്ലീൻ കേരള കമ്പനി നാലുവർഷത്തിനിടെ ഹരിതകർമസേനയ്ക്ക് നൽകിയത് 17.65 കോടി

പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള അജൈവ മാലിന്യം ശേഖരിച്ച് സംസ്‌കരിക്കുന്നതിന് രൂപീകരിച്ച ക്ലീൻ കേരള കമ്പനി നാലുവർഷത്തിനിടെ ഹരിതകർമസേനയ്ക്ക് നൽകിയത് 17.65 കോടി രൂപ. മാലിന്യ സംസ്‌കരണത്തിൽ കേരളം നടത്തിയ സമാനതകളില്ലാത്ത മുന്നേറ്റമാണ് ക്ലീൻ കേരളാ കമ്പനിയുടെ മാലിന്യ ശേഖരണ വർധനയിലൂടെ തെളിയുന്നത്.

ഈ കാലയളവിൽ ഹരിതകർമസേന 24,292 ടൺ തരംതിരിച്ച പ്ലാസ്റ്റിക് മാലിന്യങ്ങളും 2265 ടൺ ഇ-മാലിന്യവും ശേഖരിച്ചു. 901.44 ടൺ പ്ലാസ്റ്റിക് മാലിന്യങ്ങൾ സംസ്‌കരിച്ച് ഷഡ് ചെയ്യുകയും (തരികളാക്കി) ഇത് പൊതുമരാമത്ത്, തദ്ദേശവകുപ്പുകളുടെ റോഡ് പ്രവൃത്തികൾക്കായി നൽകുകയും ചെയ്‌തു. ഷഡഡ് പ്ലാസ്റ്റിക് ഉപയോഗിച്ച് 5,680.14 കിലോമീറ്റർ റോഡാണ് സംസ്ഥാനത്ത് ഇതുവരെ ടാർ ചെയ്‌തത്.

കഴിഞ്ഞ സാമ്പത്തിക വർഷംമാത്രം ഹരിതകർമസേന വഴി 12,448 ടൺ തരംതിരിച്ച പ്ലാസ്റ്റിക് മാലിന്യം ശേഖരിച്ചു. ഈ കാലയളവിൽ ഹരിതകർമസേനയ്ക്ക് 9.79 കോടി രൂപ ക്ലീൻ കേരള കമ്പനി നൽകി. മുൻ സാമ്പത്തിക വർഷത്തെ അപേക്ഷിച്ച് ഇരട്ടി. കഴിഞ്ഞവർഷം സംസ്ഥാനത്ത് പാഴ്വസ്‌തു ശേഖരണം 56 ശതമാനം വർധിച്ചു.

ഹരിതകർമസേനാംഗങ്ങൾ ശേഖരിക്കുന്ന വേർതിരിച്ച മാലിന്യം ക്ലീൻ കേരള കമ്പനി തദ്ദേശസ്ഥാപനങ്ങളിലെ എംസിഎഫുകളിൽനിന്ന് ശേഖരിച്ച്, സംസ്കരിച്ച് വിൽക്കുന്നു. വരുമാനം മുപ്പത്തയ്യായിരത്തോളം വരുന്ന ഹരിതകർമസേനാംഗങ്ങൾക്ക് പ്രതിഫലമായി നൽകുന്നു. നിലവിൽ 720 തദ്ദേശസ്ഥാപനങ്ങളിലെ മാലിന്യമാണ് കമ്പനി ശേഖരിക്കുന്നത്. പത്തനംതിട്ട കുന്നന്താനത്ത് റീസൈക്ലിങ് പ്ലാന്റും ഉദ്ഘാടനത്തിനൊരുങ്ങി. പ്ലാസ്റ്റിക് മാലിന്യത്തിൽനിന്ന് പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ നിർമിക്കാനാവശ്യമായ പെല്ലെറ്റുകൾ നിർമിക്കുന്നതാണ് സ്ഥാപനം.