കേരളത്തിലേക്ക് വന്ദേഭാരത് സ്ലീപ്പർ ഓടിക്കാൻ റെയിൽവേക്ക് മുന്നിലുള്ളത് മൂന്ന് പ്രധാന റൂട്ടുകൾ. തിരുവനന്തപുരം-ചെന്നൈ, തിരുവനന്തപുരം-ബെംഗളൂരു, തിരുവനന്തപുരം-മംഗളൂരു എന്നിവ. തിരുവനന്തപുരത്തുനിന്ന് ചെന്നൈ, ബെംഗളൂരു റൂട്ടുകൾക്കാണ് മുൻഗണന. നിലവിൽ ഓടുന്ന രണ്ട് വന്ദേഭാരത് എക്സ്പ്രസുകളുടെ വരുമാനം തിരുവനന്തപുരം-മംഗളൂരു റൂട്ടിന് അനുകൂലഘടകമാണ്.
കേരളം, തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ രണ്ട് സംസ്ഥാനങ്ങളെ ബന്ധിപ്പിച്ചുള്ള യാത്രയുടെ മെച്ചം റെയിൽവേ പരിശോധിക്കുന്നു. 2023 ഏപ്രിലിലാണ് ആദ്യ വന്ദേഭാരത് കേരളത്തിൽ ഓടിച്ചതും ഹിറ്റായതും.
വന്ദേഭാരത് സ്ലീപ്പറിൽ സ്ഥിരീകരിച്ച (കൺഫേം) ടിക്കറ്റുകൾ മാത്രമേ നൽകൂ. ആർഎസി, വെയിറ്റിങ് ലിസ്റ്റ് ടിക്കറ്റുകൾ നൽകില്ല. കുറഞ്ഞ നിരക്കിനുള്ള ദൂരം 400 കിലോമീറ്ററാണ്. മുഴുവൻ ശീതീകരിച്ച 16 കോച്ച് വണ്ടിയിൽ 823 യാത്രക്കാരെ ഉൾക്കൊള്ളും. 11 ത്രീടയർ എസി, നാല് ടു ടയർ എസി, ഒരു ഫസ്റ്റ് ക്ലാസ് എസി എന്നിവയാണ് ഉണ്ടാകുക.
സുഖയാത്ര, വില കൂടും
മംഗളൂരു-തിരുവനന്തപുരം (കോട്ടയം വഴി)-631 കിമീ ദൂരം. നിലവിൽ 14 മണിക്കൂർ യാത്ര. വന്ദേ സ്ലീപ്പറിൽ മൂന്നര മണിക്കൂറോളം സമയലാഭം. എക്‌സപ്രസ് ത്രീടയർ, ടു ടയർ നിരക്കിനേക്കാൾ 500 രൂപയുടെ വർധന.
തിരുവനന്തപുരം-ചെന്നൈ (പാലക്കാട് വഴി) 922 കിമീ ദുരം. നിലവിൽ 16.30 മണിക്കൂർ യാത്ര. വന്ദേഭാരത് സ്ലീപ്പറിൽ മൂന്നുമണിക്കൂർ ലാഭിക്കാം. എക്‌സ്പ്രസ് നിരക്കിനേക്കാൾ 1000 രൂപയുടെ വർധന. തിരുവനന്തപുരം-ബെംഗളൂരു 844 കിമീ ദൂരം. 15.30 മണിക്കൂർ യാത്ര. വന്ദേഭാരത് സ്ലീപ്പറിൽ മൂന്ന് മണിക്കൂർ കുറയും. എക്സ്‌സ്പ്രസ് നിരക്കിനേക്കാൾ 800 രൂപയുടെ വർധന.
