EVR സ്മാരകം നാളെ വൈക്കത്ത് കേരള തമിഴ്നാട് മുഖ്യമന്ത്രിമാർ ഉദ്ഘാടനം ചെയ്യും

വൈക്കം വലിയകവലയിലെ നവീകരിച്ച പെരിയാർ ഇ വി രാമസാമി സ്മാരകത്തിന്റെ ഉദ്ഘാടനം നാളെ. നാടിന്റെ നവോത്ഥാന മുന്നേറ്റത്തിന് നേതൃത്വം നൽകിയ പെരിയാറിന്റെ സ്മാരകം മുഖ്യമന്ത്രി പിണറായി വിജയനും തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനും ചേർന്ന് നാടിന്‌ സമർപ്പിക്കും. തമിഴ്നാട് സർക്കാർ 8.14 കോടി രൂപ വിനിയോഗിച്ചാണ് സ്മാരകം നവീകരിച്ചത്.

പെരിയാർ ചിത്രങ്ങളും മറ്റും പ്രദർശിപ്പിച്ചിരുന്ന മ്യൂസിയം പ്രവർത്തിച്ചിരുന്ന കെട്ടിടം ഭാഗികമായി പൊളിച്ച് ഇരുനിലയാക്കുന്ന പണികളെല്ലാം പൂർത്തീകരിച്ചു. താഴത്തെ നിലയിൽ മ്യൂസിയവും മുകളിലത്തെ നിലയിൽ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസുമാണ് പ്രവർത്തിക്കുക. പെരിയാറിന്റെ പ്രതിമയ്ക്കു മുന്നിൽ വലിയ കവാടവും നിർമിച്ചിട്ടുണ്ട്. സമീപത്തെ പുതിയ കെട്ടിടത്തിലാണ് ലൈബ്രറി പ്രവർത്തിക്കുക. കുട്ടികൾക്കായി പാർക്കും ഉദ്യാനവും ഒരുക്കിയിട്ടുണ്ട്. പെരിയാർ ജീവചരിത്രം, സമരചരിത്രം, പ്രധാന നേതാക്കളുമായി ബന്ധപ്പെട്ട ചിത്രങ്ങൾ, പ്രവർത്തനങ്ങളെ സംബന്ധിച്ച തമിഴ്, മലയാളം, ഇംഗ്ലീഷ് ഭാഷകളിലുള്ള സമാഹാരങ്ങളും സൂക്ഷിക്കാനും സൗകര്യമുണ്ട്.

6.09 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള മ്യൂസിയവും 84.20 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള ലൈബ്രറിയുമാണ് ഒരുക്കിയത്. കേരള സർക്കാർ നൽകിയ 70 സെന്റ് സ്ഥലത്ത് 1985ലാണ് പെരിയാർ പ്രതിമ തമിഴ്‌നാട് സ്ഥാപിച്ചത്. സത്യഗ്രഹ ശതാബ്ദിവേളയിൽ വൈക്കത്തെത്തിയ തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ പ്രഖ്യാപനത്തോടെയാണ് പെരിയാർ സ്‌മാരകം നവീകരിച്ചത്.