ഭിന്നശേഷി ഏകീകൃത തിരിച്ചറിയൽ കാർഡ്‌; അപേക്ഷയിലെ പിഴവ് കാരണം ലക്ഷം അപേക്ഷകർ പുറത്ത്

സാമൂഹിക സുരക്ഷാ കമ്മിഷനാണ്‌ ഭിന്നശേഷിക്കാർക്ക്‌ ഏകീകൃത തിരിച്ചറിയൽ കാർഡ്‌ വിതരണം ചെയ്യുന്നത്‌. ഇതുവരെ ലഭിച്ച 4,60,216 അപേക്ഷകളിൽ 2,66,908 കാർഡുകൾ വിതരണം ചെയ്തു. 1,03,204 അപേക്ഷകളാണ്‌ പിശക്‌ കണ്ടെത്തിയതിനെത്തുടർന്ന്‌ മാറ്റിവെച്ചത്. അപേക്ഷകളിലെ തെറ്റ്‌ തിരുത്തി കാർഡ്‌ വിതരണം പൂർത്തിയാക്കാൻ പ്രത്യേക കാമ്പയിന്‌ തുടക്കം കുറിക്കാനൊരുങ്ങുകയാണ്‌ സാമൂഹിക സുരക്ഷാമിഷൻ.

ഭിന്നശേഷിയുള്ളവർക്ക്‌ എളുപ്പത്തിൽ ആനുകൂല്യങ്ങൾ ലഭ്യമാകാൻ ഉപകരിക്കുന്ന ഏകീകൃത തിരിച്ചറിയൽ കാർഡാണ്‌ ‘യുണീക്‌ ഡിസെബിലിറ്റി ഐ.ഡി.’ അഥവാ യു.ഡി.ഐ.ഡി. കേന്ദ്രസർക്കാരിന്റെ ഉത്തരവുപ്രകാരം 2017-ലാണ്‌ കാർഡ്‌ വിതരണം തുടങ്ങിയത്‌. 40 ശതമാനം ശാരീരികവും മാനസികവുമായ വെല്ലുവിളി നേരിടുന്നവർക്കാണ്‌ അർഹത.

www.swavalambancard.gov.in എന്ന വെബ്‌സൈറ്റ്‌ മുഖേനയാണ്‌ അപേക്ഷിക്കേണ്ടത്‌. നിലവിൽ ആരോഗ്യവകുപ്പ്‌ മെഡിക്കൽ ബോർഡിന്റെ ഡിസെബിലിറ്റി സർട്ടിഫിക്കറ്റ്‌ ഉള്ളവർക്കും ഇല്ലാത്തവർക്കും കാർഡ്‌ ലഭിക്കും. തെറ്റുകളുള്ളതുകൊണ്ടാണ്‌ ഒരു ലക്ഷത്തിൽപ്പരം അപേക്ഷകൾ മാറ്റിവെച്ചിരിക്കുന്നതെന്നും ഗുണഭോക്താക്കൾക്ക്‌ വേണ്ടത്ര ധാരണയില്ലാത്തതാണ്‌ പ്രശ്നമെന്നും സാമൂഹിക സുരക്ഷാമിഷൻ പറയുന്നു.

യു.ഡി.ഐ.ഡി. വിതരണം വേഗത്തിലാക്കാൻ പഞ്ചായത്തു തലത്തിൽ കാമ്പയിൻ നടത്താൻ നിർദേശം നൽകിയിട്ടുണ്ട്‌. കേരളത്തിൽ എട്ടു ലക്ഷത്തോളം ഭിന്നശേഷിക്കാരുണ്ടെന്നാണ്‌ കണക്ക്‌. പക്ഷേ, പകുതിയോളം പേരുടെ അപേക്ഷകളേ കിട്ടിയിട്ടുള്ളൂ. ശേഷിക്കുന്നവർ ഡിസംബർ 15-നകം രജിസ്റ്റർ ചെയ്യണമെന്ന് സാമൂഹിക സുരക്ഷാ മിഷൻ ഡയറക്ടർ എച്ച്‌. ദിനേശൻ അറിയച്ചു.