ഒരു ലിറ്റര്‍ കുപ്പിവെള്ളത്തില്‍ രണ്ടര ലക്ഷത്തോളം പ്ലാസ്റ്റിക് കണങ്ങള്‍

ശരാശരി ഒരു ലിറ്റര്‍ വെള്ളം സൂക്ഷിക്കാവുന്ന പ്ലാസ്റ്റിക് കുപ്പിയില്‍ രണ്ട് ലക്ഷത്തി നാല്‍പതിനായിരത്തോളം പ്ലാസ്റ്റിക് കണങ്ങള്‍ അടങ്ങിയിട്ടുണ്ടെന്നാണ് നാഷണല്‍ അക്കാദമി ഓഫ് സയന്‍സ് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നത്. പലപ്പോഴും ഇത്തരം ചെറു പ്ലാസ്റ്റിക് കണങ്ങൾ തിരിച്ചറിയപ്പെടാത്ത പോകുന്നു. മുമ്പ് കണക്കാക്കിയിരുന്നതിനേക്കാൾ നൂറിരട്ടി പ്ലാസ്റ്റിക് കണങ്ങൾ ഇന്ന് വിപണിയിലുള്ള കുപ്പി വെള്ളത്തിലുണ്ടെന്നും പഠനത്തിൽ കണ്ടെത്തി.

വെള്ളത്തിൽ നാനോപ്ലാസ്റ്റിക്കിൻ്റെ സാന്നിധ്യത്തെ സംബന്ധിച്ച് മുൻപ് ഗവേഷകർക്കിടയിൽ സംശയങ്ങളുണ്ടായിരുന്നെങ്കിലും ഇവയുടെ സാന്നിധ്യം സ്ഥിരീകരിക്കാൻ ആവശ്യമായ സാങ്കേതിക വിദ്യകൾ പ്രചാരത്തിലില്ലായിരുന്നു. ഇതിനായി മൈക്രോസ്കോപി എന്ന പുതിയ സാങ്കേതിക വിദ്യ ഗവേഷകർ വികസിപ്പിച്ചു. ഇതുപയോഗിച്ചാണ് നാനോപ്ലാസ്റ്റിക്കുകളുടെ അളവ് ജലത്തിൽ വിലയിരുത്തിയത്.

മൈക്രോപ്ലാസ്റ്റിക്കുകളെക്കാൾ ഹാനികരമാണ് നാനോപ്ലാസ്റ്റിക്കുകൾ. ഇവ ശരീരത്തിനുള്ളിൽ പ്രവേശിച്ചാൽ ആരോഗ്യത്തെ കാര്യമായ രീതിയിൽ ബാധിക്കും. ശരീരത്തിൽ പ്രവേശിക്കുന്ന നാനോ പ്ലാസ്റ്റിക് കണം അതിവേഗത്തിൽ രക്തവുമായി കലരുമെന്നും ഇത് അവയവങ്ങളിലേക്ക് എത്തുമെന്നും ഗവേഷകർ പറയുന്നു. ഗർഭിണിയിൽ നിന്ന് പ്ലാസൻ്റ വഴി ഗർഭസ്ഥ ശിശുവിലേക്കും നാനോപ്ലാസ്റ്റിക് എത്താനുള്ള സാധ്യതയുണ്ടെന്നും പഠനത്തിൽ പറയുന്നു.

യുഎസിൽ പ്രചാരത്തിലുള്ള മൂന്ന് ജനപ്രിയ ബ്രാൻഡ് കുപ്പിവെള്ളമാണ് ഗവേഷകർ പഠനത്തിനായി തെരഞ്ഞെടുത്തത്. ഒരു ലക്ഷം മുതൽ മൂന്ന് ലക്ഷത്തി എഴുപതിനായിരം വരെ പ്ലാസ്റ്റിക് കണങ്ങളാണ് ഓരോ ലിറ്ററിലും കണ്ടെത്തിയത്. ഇതിൽ 90 ശതമാനവും അതിസൂക്ഷ്‌മ പ്ലാസ്റ്റിക് കണങ്ങളായിരുന്നുവെന്നും പഠനത്തിൽ പറയുന്നു.

പ്രതിവർഷം ലോകത്ത് 450 മില്ല്യൺ ടൺ പ്ലാസ്റ്റിക്കാണ് ഉത്പാദിപ്പിക്കുന്നത്. ഇവയിൽ ഏറിയ പങ്കും ഭൂമിക്ക് വിനാശകാരികളായി മണ്ണിൽ തുടരുകയാണ്. 2022-ൽ നടത്തിയ പഠനത്തിൽ പൈപ്പ് വെള്ളത്തിൽ കാണുന്നതിനേക്കാൾ കൂടുതൽ അതിസൂക്ഷ്‌മ പ്ലാസ്റ്റിക് കണങ്ങൾ കുപ്പിവെള്ളത്തിലുണ്ടെന്ന് കണ്ടെത്തിയിരുന്നു. ഓരോ തവണയും കുപ്പി തുറന്ന് അടയ്ക്കുമ്പോഴും ചെറിയ പ്ലാസ്റ്റിക് കണങ്ങൾ വെള്ളത്തിലേക്ക് വീഴുന്നുണ്ടെന്ന് 2021-ലെ പഠനത്തിലും കണ്ടെത്തിയിരുന്നു.