ശക്‌തമായ മഴയിൽ വെള്ളം കയറിയതിനാൽ എറണാകുളം-കോട്ടയം സംസ്ഥാന പാതയിലെ കാഞ്ഞിരമറ്റം- പുത്തൻകാവ് റോഡിൽ ഗതാഗതം നിരോധിച്ചു. വെള്ളക്കെട്ടിനു പുറമേ, റോഡിൽ വൻ ഗർത്തങ്ങൾ രൂപപ്പെട്ടതോടെ അപകട സാധ്യത കണക്കിലെടുത്താണ് ഇന്നലെ വൈകിട്ടു ഗതാഗതം പൂർണമായി നിരോധിച്ചത്.
ആദ്യ മഴയിൽ തന്നെ റോഡിൽ വെള്ളം കയറിയിരുന്നു. വെള്ളം കയറിയ ഭാഗത്ത് റോഡിലെ ടാറിങ് പൂർണമായി ഇളകി വൻ കുഴികൾ രൂപപ്പെട്ടതോടെയാണ് സ്ഥിതി ഗുരുതരമായത്. ബൈക്ക് യാത്രികർ അപകടത്തിൽപെടുകയും മറ്റു വാഹനങ്ങൾ വെള്ളക്കെട്ടിലെ കുഴിയിൽ കുടുങ്ങുകയും ചെയതോടെയാണ് ഗതാഗതം നിരോധിക്കാൻ അധികൃതർ തീരുമാനിച്ചത്.
വാഹനങ്ങൾ മുളന്തുരുത്തി- നടക്കാവ് റോഡിലൂടെയാണ് പോകുന്നത്. ഇതു മുളന്തുരുത്തി പള്ളിത്താഴം ജംങ്ഷനിൽ ഗതാഗതക്കുരുക്ക് സൃഷ്ടിച്ചു. പുത്തൻകാവിലെ താൽക്കാലിക ബണ്ട് പൂർണമായി പൊളിച്ചുനീക്കിയാൽ റോഡിലെ വെള്ളക്കെട്ട് പരിഹരിക്കപ്പെടുമെന്നാണ് വിലയിരുത്തൽ. ബണ്ട് പൊളിക്കൽ അവസാന ഘട്ടത്തിലാണ്.