പെൺകുട്ടികളുടെ വിദ്യാഭ്യാസം, സാമ്പത്തിക ഭദ്രത എന്നിവ ഉറപ്പ് വരുത്തുന്നതിനായി കേന്ദ്ര സർക്കാർ വിവിധ പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ട്. അവയിൽ ചില സ്കീമുകളെ കുറിച്ച് അറിയാം…
ധനലക്ഷ്മി യോജന
പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിന് സാമ്പത്തിക സഹായം നൽകുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതിയാണ് ഇത്. കൂടാതെ പെൺകുട്ടികളുടെ നേരത്തെയുള്ള വിവാഹം തടയുക എന്നതും പദ്ധതിയുടെ ലക്ഷ്യമാണ്. സ്‌കൂളിൽ ചേർക്കുന്നത് മുതൽ എട്ടാം ക്ലാസ് വരെയുള്ള പെൺകുട്ടികളുടെ പഠനച്ചെലവ് ഈ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
സെക്കൻഡറി വിദ്യാഭ്യാസത്തിനായുള്ള പെൺകുട്ടികൾക്കുള്ള ദേശീയ പ്രോത്സാഹന പദ്ധതി
ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം, പാർശ്വവൽക്കരിക്കപ്പെട്ട സമൂഹങ്ങളിൽ നിന്നുള്ള പെൺകുട്ടികളെ സെക്കൻഡറി വിദ്യാഭ്യാസത്തിന് തയ്യാറാക്കുക എന്നുള്ളതാണ്. എസ്‌സി/എസ്‌ടി വിഭാഗങ്ങൾക്ക് പ്രത്യേക ശ്രദ്ധ നൽകിക്കൊണ്ട് രൂപീകരിച്ചതാണിത്.
സിബിഎസ്ഇ ഉഡാൻ പദ്ധതി
എഞ്ചിനീയറിംഗ്, ടെക്നിക്കൽ കോളേജുകളിൽ പഠനത്തിനായി കൂടുതൽ പെൺകുട്ടികളെ ഉൾപ്പെടുത്തുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം 11-12 ക്ലാസുകളിലുള്ള കുട്ടികൾക്ക് സൗജന്യ ഓൺലൈൻ പഠന സാമഗ്രികൾ നൽകുന്നു. വിദ്യാർത്ഥികളെ ശാക്തീകരിക്കുന്നതിനുള്ള സിബിഎസ്ഇ ഉഡാൻ പദ്ധതി 2014 നവംബറിലാണ് ആരംഭിച്ചത്.
ബാലികാ സമൃദ്ധി യോജന
ബിപിഎൽ കുടുംബങ്ങളിലെ പെൺകുട്ടികളുടെ വിദ്യാഭ്യാസത്തെ സഹായിക്കുന്നതാണ് ഈ പദ്ധതി. ബാലികാ സമൃദ്ധി യോജന ഒരു മകള്‍ ജനിക്കുമ്പോള്‍ അമ്മയ്ക്ക് 500 രൂപ ക്യാഷ് റിവാര്‍ഡും കുട്ടിയുടെ വിദ്യാഭ്യാസത്തിനുള്ള വാര്‍ഷിക സ്‌കോളര്‍ഷിപ്പും നല്‍കുന്നു.
സുകന്യ സമൃദ്ധി യോജന
2015 ജനുവരി 22 നാണ് സുകന്യ സമൃദ്ധി പദ്ധതി കേന്ദ്ര സര്‍ക്കാര്‍ ആരംഭിച്ചത്. ഉയർന്ന പലിശ നിരക്കാണ് ഈ പദ്ധതി വാഗ്ദാനം ചെയ്യുന്നത്. ഇതിലൂടെ കുട്ടികൾക്ക് വേണ്ടി അവരുടെ ചെറിയ പ്രായത്തിൽ തന്നെ സമ്പാദ്യം തുടങ്ങാം. പെൺകുട്ടികളുള്ള മാതാപിതാക്കൾക്ക് ഏതെങ്കിലും അംഗീകൃത ബാങ്കിലോ പോസ്റ്റ് ഓഫീസിലോ സുകന്യ സമൃദ്ധി അക്കൗണ്ട് തുറക്കാൻ സാധിക്കും.