തൃപ്പൂണിത്തുറ സ്ഫോടനം: 150ഓളം വീടുകൾക്ക് കേടുപാടുകൾ; നഷ്ടപരിഹാരത്തിനായി ഇന്നലെ മാത്രം രജിസ്റ്റർ ചെയ്തത് 125ലധികം ആളുകൾ

തൃപ്പൂണിത്തുറ സ്ഫോടനത്തിൽ നഷ്ടപരിഹാരത്തിനായി ഇന്നലെ മാത്രം രജിസ്റ്റർ ചെയ്തത് 125 അധികം ആളുകൾ. എൻജിനിയറിങ്ങ് വിഭാഗത്തിന്റെ പരിശോധന ഇന്ന് തുടരും. ഇന്ന് വൈകിട്ടോടെ റിപ്പോർട്ട്‌ തൃപ്പൂണിത്തുറ മുൻസിപ്പാലിറ്റിക്ക് കൈമാറും. ഇന്നലെ രജിസ്റ്റർ ചെയ്യാതവർക്ക് ഇന്ന് വില്ലേജ് ഓഫിസിൽ എത്തി പേര് വിവരങ്ങൾ നൽക്കാം. സ്ഫോടനത്തിൽ മന്ത്രി പി രാജീവ്‌ ജില്ലാ കളക്ടറോട് റിപ്പോർട്ട്‌ തേടി.

നഷ്ടപരിഹാരം ഉറപ്പാക്കണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു. വീടുകളിൽ അവശിഷ്ടങ്ങൾ ഇപ്പോഴും പൊളിഞ്ഞു വീഴുന്നു. എട്ട് വീടുകൾ പുർണമായും തകർന്നു. 150 ഓളം കെട്ടിടങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചു. പ്രദേശവാസികൾക്കായി ഇന്ന് പ്രത്യേക യോഗം ചേരും. ആശങ്കകൾ പരിഹരിക്കുന്നതിനായാണ് യോഗം ചേരുക. നാശനഷ്ടങ്ങളുടെ കണക്കെടുപ്പും തുടരും.

അതേസമയം, തൃപ്പൂണിത്തുറയിലെ സ്‌ഫോടനവുമായി ബന്ധപ്പെട്ട് നാല് പേർ അറസ്റ്റിലായി. കരയോഗം ഭാരവാഹികളായ സതീശൻ, ശശികുമാർ, കരാർ ജോലിക്കാരായ വിനീത്, വിനോദ് എന്നിവരാണ് അറസ്റ്റിലായത്. ഇവർക്കെതിരെ നരഹത്യാ കുറ്റം ചുമത്തിയാണ് കേസെടുത്തിരുന്നു. നിയമവിരുദ്ധമായി കരിമരുന്ന് സൂക്ഷിച്ചെന്ന് എഫ്‌ഐആറിൽ പറയുന്നു.

തൃപ്പൂണിത്തുറ ചൂരക്കാട് പടക്ക സംഭരണ ശാലയിൽ ഉണ്ടായ സ്‌ഫോടനത്തിൽ ഇതുവരെ രണ്ട് പേരാണ് മരിച്ചത്. പടക്കശാലയിൽ ജോലി ചെയ്തിരുന്ന തിരുവനന്തപുരം സ്വദേശി വിഷ്ണുവും മറ്റൊരു വ്യക്തിയായ 55 കാരൻ ദിവാകരനുമാണ് മരിച്ചത്.

തൃപ്പൂണിത്തുറ പുതിയകാവ് ക്ഷേത്രത്തിലെ ഉത്സവത്തിന് വേണ്ടി പാലക്കാട് നിന്ന് എത്തിച്ചതാണ് സ്‌ഫോടക വസ്തുക്കൾ. രാവിലെ പത്തരയോടെയായിരുന്നു അപകടം. പാലക്കാട് നിന്ന് ടെമ്പോ ട്രാവലർ എത്തിച്ച പടക്കങ്ങൾ കോൺക്രീറ്റ് കെട്ടിടത്തിലേക്ക് മാറ്റുന്നതിനിടയാണ് പൊട്ടിത്തെറി ഉണ്ടായത്. വാഹനത്തിൽ ഉണ്ടായ ഷോർട് സർക്യൂട്ട് ആണ് അപകട കാരണമെന്നാണ് ഫയർ ഫോഴ്‌സിന്റെ നിഗമനം.