സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ ശുപാർശ പ്രകാരം വർഷങ്ങളായി സംസ്‌കരിക്കാതെ കിടക്കുന്ന ഖരമാലിന്യത്തെ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ച് സർക്കാർ. ദുരന്തം ഒഴിവാക്കാൻ 15 കോടി രൂപ ക്ലീൻ കേരള കമ്പനിക്ക് അനുവദിച്ചു. ദുരന്ത പ്രതികരണ ഫണ്ടിൽ നിന്നാണ് തുക അനുവദിച്ചത്.
മാലിന്യ സംസ്‌കരണം ഇഴഞ്ഞു നീങ്ങുകയും മാലിന്യം കുന്നുകൂടുകയും ചെയ്ത സാഹചര്യത്തിലാണ് സർക്കാർ നടപടി. പഴകിയതും കുന്നുകൂടി കിടക്കുന്നതുമായ മാലിന്യങ്ങളെ സംസ്ഥാന ദുരന്തമായി പ്രഖ്യാപിക്കണമെന്ന് ഓഗസ്റ്റ് 23ന് ചേർന്ന ദുരന്ത നിവാരണ അതോറിറ്റി യോഗം സർക്കാരിനോട് ശുപാർശ ചെയ്തു. ഇത് അംഗീകരിച്ചാണ് സർക്കാർ തീരുമാനമെടുത്തത്. 2023 ഓഗസ്റ്റ് 24 വരെയുള്ള ഖരമാലിന്യങ്ങൾ ഇതിൽ വരും. ഇതോടെ ദുരന്തം കൈകാര്യം ചെയ്യുന്ന വേഗതയിൽ മറ്റു വകുപ്പുകളുടെ സഹായത്തോടെ മാലിന്യനീക്കം നടത്താൻ തദ്ദേശഭരണ സ്ഥാപനങ്ങൾക്ക് കഴിയും.
മാലിന്യങ്ങൾ കെട്ടിക്കിടക്കുന്ന ദുരന്തം ഒഴിവാക്കാൻ 15 കോടി ക്ലീൻ കേരള കമ്പനിക്ക് നൽകും. ദുരന്ത പ്രതികരണ ഫണ്ടിൽ നിന്നും ഒറ്റത്തവണ ഗ്രാന്റായിട്ടാണ് തുക അനുവദിച്ചത്. കുമിഞ്ഞുകൂടിയ ഖര മാലിന്യങ്ങൾ വേഗത്തിലും ശാസ്ത്രീയമായും കമ്പനി നിർമ്മാർജ്ജനം ചെയ്യുകയും തദ്ദേശഭരണ സ്ഥാപനങ്ങളെ ഇതിനായി സഹായിക്കുകയും വേണം. തുക കൈമാറാൻ അടിയന്തര നടപടിയെടുക്കാനും സർക്കാർ നിർദ്ദേശിച്ചിട്ടുണ്ട്.