പച്ചകുത്തുന്ന ജോലിചെയ്യുന്നവർ ജാഗ്രതൈ; നിയമംപാലിക്കാത്തവരെ പിടിക്കാൻ തദ്ദേശസ്ഥാപനങ്ങൾ

നിയമംപാലിക്കാതെ പച്ചകുത്തുന്ന ജോലിചെയ്യുന്നവരെ പിടിക്കാൻ പഞ്ചായത്ത് അധികൃതരും നഗരസഭക്കാരും രംഗത്തിറങ്ങിയിട്ടുണ്ട്. പച്ചകുത്തുന്നവരെക്കുറിച്ചുള്ള റിപ്പോർട്ട് നൽകാൻ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളോട് അഡീഷണൽ ചീഫ് സെക്രട്ടറിയാണ് ആവശ്യപ്പെട്ടിട്ടുള്ളത്. പച്ചകുത്തുന്നതിന് ഒരേ സൂചിയും ഒരേ മഷിയും ഉപയോഗിക്കുന്നത് മാരകരോഗങ്ങൾ പടരുന്നതിന് കാരണമാകുന്നുണ്ടെന്ന് കണ്ടെത്തിയതിനെത്തുടർന്നാണിത്.

ടാറ്റൂ അടിക്കുന്നതിൽ കർശനനിയന്ത്രണങ്ങൾ ഏർപ്പെടുത്തി ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം 2021-ൽ ഉത്തരവിറക്കിയിട്ടുള്ളതാണ്. എന്നാൽ, അതിലെ നടപടികൾ പലപ്പോഴും പാലിക്കുന്നില്ലെന്നാണ് കണ്ടെത്തൽ. പൊതുസ്ഥലങ്ങൾ, ഉത്സവപ്പറമ്പുകൾ, തെരുവോരങ്ങൾ, സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ പച്ചകുത്തുന്നതിന് നിയന്ത്രണമേർപ്പെടുത്തിയാണ് സർക്കാർ ഉത്തരവ്.

പച്ചകുത്തുമ്പോൾ ചായങ്ങൾ കുത്തിവെക്കുന്നതുമൂലം ചിലർക്ക് അലർജി, കുത്തുന്ന ഭാഗത്ത് നീർക്കെട്ട്, ത്വക്കിനെ ബാധിക്കുന്ന ക്ഷയരോഗം, കാൻസർ തുടങ്ങിയവയുണ്ടാകാൻ സാധ്യതയുണ്ട്. ഇതിനുപുറമേ അണുവിമുക്തമാക്കാത്ത സൂചി, സിറിഞ്ച് എന്നിവ ഉപയോഗിക്കുന്നതുമൂലം മാരക പകർച്ചവ്യാധികളായ ഹെപ്പറ്റൈറ്റിസ് ബി, ഹെപ്പറ്റൈറ്റിസ് വി, ടെറ്റനസ്, എയ്ഡ്സ് എന്നിവ പിടിപെടാനും സാധ്യതയുണ്ട്. ഇതിനാൽ, കർശന നിയന്ത്രണം വേണമെന്നും ലൈസൻസിന് പ്രത്യേക നിബന്ധന വേണമെന്നുമാണ് ആരോഗ്യവകുപ്പ് നിഷ്കർഷിച്ചത്.

നിബന്ധന ഇങ്ങനെ

  • പച്ചകുത്തുന്നതിന് ലൈസൻസുള്ളവർക്കുമാത്രം അംഗീകാരം.
  • ഉപയോഗിക്കുന്ന മഷി ഡ്രഗ് കൺട്രോളർ അംഗീകരിച്ചതാവണം
  • സ്ഥലം വൃത്തിയുള്ളതായിരിക്കണം, പച്ചകുത്തുന്ന വ്യക്തി ഗ്ലൗസ് ധരിക്കണം, പച്ചകുത്തിയശേഷം അത് ഊരിമാറ്റണം.
  • സൂചികൾ ഉടൻ നശിപ്പിക്കാവുന്നവയാണെന്നും സീൽചെയ്ത പാക്കറ്റുകളിലെത്തുന്നതാണെന്നും ഉറപ്പാക്കണം.
  • തുടർച്ചയായി ഉപയോഗിക്കുന്ന ഉപകരണങ്ങൾ അണുവിമുക്തമാക്കിയെന്ന് ഉറപ്പാക്കണം.
  • പച്ചകുത്തൽജോലിയിൽ ഏർപ്പെടുന്നവർ ഹെപ്പറ്റൈറ്റിസ് ബി വാക്സിനെടുത്തിരിക്കണം.
  • പച്ചകുത്തുന്നതിനുമുമ്പും ശേഷവും ആ ഭാഗം സോപ്പും വെള്ളവുമുപയോഗിച്ച് കഴുകണം.

ലൈസൻസ് കിട്ടാൻ തദ്ദേശസ്വയംഭരണസ്ഥാപന സെക്രട്ടറിക്ക് അപേക്ഷ നൽകണം. സെക്രട്ടറി, ഹെൽത്ത് ഓഫീസർ, ഹെൽത്ത് ഇൻസ്പെക്ടർ, ഫുഡ് ഇൻസ്പെക്ടർ, ജില്ലാ ഡ്രഗ് അനലിസ്റ്റ്, മലിനീകരണനിയന്ത്രണബോർഡ് ഉദ്യോഗസ്ഥൻ എന്നിവർ ഉൾപ്പെടുന്ന കമ്മിറ്റി പരിശോധിക്കും.