സുനിത വില്യംസും വിൽമോറും ഭൂമിയിലേക്ക് മടങ്ങുന്നു, ലാൻഡിംഗ് തീയതി പ്രഖ്യാപിച്ച് നാസ

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യൻ വംശജയായ ബഹിരാകാശയാത്രിക സുനിത വില്യംസും ബുച്ച് വിൽമോറും ഒടുവിൽ ഭൂമിയിലേക്കുള്ള തിരിച്ചുവരവിനായി ഒരുങ്ങുന്നു. മാർച്ച് 16 ന് ഇരുവരും ഭൂമിയിലേക്ക് മടങ്ങുമെന്ന് നാസ ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. ബോയിംഗ് സ്റ്റാർലൈനറിൽ 10 ദിവസത്തെ ദൗത്യത്തിനായി പുറപ്പെട്ട ഇരുവരും കഴിഞ്ഞ ഒമ്പത് മാസമായി ബഹിരാകാശ നിലയത്തിൽ കുടുങ്ങിക്കിടക്കുകയാണ്.

ജൂൺ 5 ന് ക്രൂവേർഡ് ഫ്ലൈറ്റ് ടെസ്റ്റിലാണ് വില്യംസും വിൽമോറും സ്‍പേസ് സ്റ്റേഷനിൽ എത്തിയത്. എന്നാൽ തിരിച്ചുവരാനുള്ള ദൗത്യം പരാജയപ്പെട്ടതോടെ ഒമ്പത് മാസമായി ബഹിരാകാശ നിലയത്തിൽ തുടരുകയാണ്. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ സ്റ്റാർലൈനർ ബഹിരാകാശ പേടകം ജീവനക്കാരില്ലാതെ തിരിച്ചെത്തി. എങ്കിലും, ആഴ്ചകൾക്ക് ശേഷം, നാസ ബഹിരാകാശയാത്രികൻ നിക്ക് ഹേഗും റോസ്‌കോസ്മോസ് ബഹിരാകാശയാത്രികൻ അലക്സാണ്ടർ ഗോർബുനോവും സ്‌പേസ് എക്‌സ് ക്രൂ-9 ദൗത്യത്തിൽ വിക്ഷേപിക്കപ്പെട്ടു. ഈ ഡ്രാഗൺ ബഹിരാകാശ പേടകത്തിൽ രണ്ട് സീറ്റുകൾ സ്‍പേസ് സ്റ്റേഷനിൽ കുടുങ്ങിയ ബഹിരാകാശ യാത്രികർക്കായി നീക്കിവച്ചിരുന്നു. ഫെബ്രുവരിയിൽ അവർ തിരിച്ചെത്തുമെന്നാണ് ആദ്യം നിശ്ചയിച്ചത്.  ഇപ്പോൾ നാലുപേരും ഒരുമിച്ച് മാർച്ച് 16 ന് മടങ്ങും എന്നാണ് പുതിയ റിപ്പോർട്ടുകൾ.

മാർച്ച് 12, 13 തീയതികളിൽ വിക്ഷേപിക്കാൻ പോകുന്ന സ്പേസ് എക്സ് ക്രൂ -10 ദൗത്യത്തെ ആശ്രയിച്ചിരിക്കും 4 ബഹിരാകാശയാത്രികരുടെയും തിരിച്ചുവരവ്. ക്രൂ-10 എത്തിയതിനുശേഷം സുനിത വില്യംസും ക്രൂ അംഗങ്ങളും പുറപ്പെടുന്നതിന് മുമ്പ് കൈമാറ്റ പ്രക്രിയ ഒരാഴ്ചയോളം നീണ്ടുനിൽക്കും. നാസ ബഹിരാകാശയാത്രികരായ ആനി മക്ലെയിൻ, നിക്കോൾ അയേഴ്സ്, ജാപ്പനീസ് ബഹിരാകാശ ഏജൻസി ബഹിരാകാശയാത്രികൻ തകുയ ഒനിഷി, റോസ്‌കോസ്‌മോസ് ബഹിരാകാശയാത്രികൻ കിറിൽ പെസ്‌കോവ് എന്നിവർ ക്രൂ-10-ൽ ഉൾപ്പെടുന്നു.

ക്രൂ-10 എത്തി ബഹിരാകാശ നിലയത്തിൽ സ്ഥാനം പിടിച്ച ശേഷം, ക്രൂ-9 ഭൂമിയിലേക്ക് മടങ്ങും. നാസയുടെ ക്രൂ-9, ക്രൂ-10 ദൗത്യങ്ങൾ സ്‌പേസ് എക്‌സിന്റെ ക്രൂ ഡ്രാഗൺ ബഹിരാകാശ പേടകം ഉപയോഗിച്ചുള്ള കൊമേഴ്‌സ്യൽ ക്രൂ പ്രോഗ്രാമിന്റെ ഭാഗമാണ്. 2024 ഓഗസ്റ്റിൽ വിക്ഷേപിച്ച ക്രൂ-9, നാസയുടെ നിക്ക് ഹേഗിനെയും റോസ്‌കോസ്‌മോസിന്റെ അലക്‌സാണ്ടർ ഗോർബുനോവിനെയും വഹിച്ചാണ് പോയത്. ഇതിൽ വിൽമോറിനും സുനിത വില്യംസിനും വേണ്ടി രണ്ട് ഒഴിഞ്ഞ സീറ്റുകൾ മാറ്റിവച്ചിട്ടുണ്ട്.