വരാൻപോകുന്നത് ജലദൗർലഭ്യത്തിന്റെ മാസങ്ങൾ: വേണം ഈ മാറ്റങ്ങൾ

വേനലിന്‍റെയും വരൾച്ചയുടെയും ശുദ്ധജലക്ഷാമത്തിന്‍റെയും മാസങ്ങളാണ് ഇനി വരാൻപോകുന്നത്. ജലസമ്പത്ത് കാത്തുസൂക്ഷിക്കാനുള്ള ആദ്യ പാഠങ്ങൾ വീട്ടിൽ നിന്നാണ് തുടങ്ങേണ്ടത്. വെള്ളം പാഴാക്കാതിരിക്കുന്നതിന് ചെറിയ കാര്യങ്ങളിൽ മുതൽ ശ്രദ്ധ ചെലുത്തേണ്ടതുണ്ട്.

  • ബ്രഷ് ചെയ്ത് തീരുംവരെ തുടർച്ചയായി ടാപ്പ് തുറന്നുവയ്ക്കുന്നവരുണ്ട്. ധാരാളം ജലം ഇത്തരത്തിൽ പാഴായി പോകുന്നു. അതിനാൽ ബ്രഷ് ചെയ്യുന്ന സമയത്ത് ആവശ്യമുള്ളപ്പോൾ മാത്രം ടാപ്പ് തുറന്ന് വെള്ളം എടുക്കുന്നത് ഒരു ശീലമാക്കി  മാറ്റുക.
  • ഒരു ശരാശരി വീട്ടിൽ ഒരു ദിവസം ഫ്ലഷ് ചെയ്തു വിടുന്ന വെള്ളത്തിന്‍റെ അളവ് പരിശോധിച്ചാൽ ഒരു മാസം ഒരു വ്യക്തി ആകെ കുടിക്കുന്ന വെള്ളത്തിനോളം വരും എന്നാണ് കണക്ക്. അതിനാൽ ടോയ്‌ലറ്റ് ഫ്ലഷ് ഉപയോഗിക്കുന്ന സമയത്ത് ചില കാര്യങ്ങൾ ശ്രദ്ധിക്കണം. ടോയ്‌ലറ്റിന്‍റെ സിസ്റ്റേൺ അഥവാ വാട്ടർ ടാങ്കിൽ നിന്ന് കൂടുതൽ ശക്തിയിൽ ഉയർന്ന അളവിലാണ് വെള്ളം ഫ്ലഷ് ചെയ്യപ്പെടുന്നതെങ്കിൽ അതിൽ സ്ഥാപിക്കാവുന്ന വാട്ടർ ഡിസ്പ്ലേസ്മെന്‍റ് ഉപകരണം വാങ്ങി ഉപയോഗിക്കുക. ഫ്ലഷ് ചെയ്യുന്ന വെള്ളത്തിന്‍റെ അളവ് ഒന്നോ രണ്ടോ ലിറ്റർ കുറയ്ക്കാൻ ഇതിലൂടെ സാധിക്കും.
  • പുതിയ ടോയ്‌ലറ്റ് വാങ്ങുമ്പോൾ വെള്ളം പാഴാക്കാതെ ഉപയോഗിക്കാനാവുന്ന ലോ ഫ്ലഷ് അല്ലെങ്കിൽ ഡ്യൂവൽ ഫ്ലഷ് തന്നെ തിരഞ്ഞെടുക്കുക. സാധാരണ ടോയ്‌ലറ്റുകളിൽ ഒൻപത് ലിറ്റർ വെള്ളമാണ് ഫ്ലഷ് ചെയ്യപ്പെടുന്നതെങ്കിൽ ലോ ഫ്ലഷ് പതിപ്പ് ഒരു ഫ്ലഷിൽ ആറു ലിറ്റർ വെള്ളം മാത്രമേ ഉപയോഗിക്കു.
  • മെഷീൻ നിറയെ തുണികളോ പാത്രങ്ങളോ വൃത്തിയാക്കാനുള്ളപ്പോൾ മാത്രം വാഷിങ് മെഷീനും ഡിഷ് വാഷറും ഉപയോഗിക്കുക.  ഒന്നോ രണ്ടോ പാത്രങ്ങളോ ഒന്നോ രണ്ടോ തുണികളോ മാത്രം കഴുകുന്നതിനായി ഉപകരണങ്ങൾ പ്രവർത്തിക്കുന്നത് വെള്ളം പാഴാക്കുന്നതിന് കാരണമാകും. സാധാരണ വാഷിങ് മെഷീനുകൾ ഓരോ സൈക്കിളിലും 60 ലിറ്റർ വെള്ളമാണ് ഉപയോഗിക്കുന്നത്. അതിന് അനുസൃതമായി തുണികൾ അലക്കാൻ ഉണ്ടെന്ന് ഉറപ്പുവരുത്തണം. ഇനി കുറച്ചു തുണികൾ മാത്രമായി അലക്കേണ്ട ഘട്ടങ്ങളിൽ ഹാഫ് ലോഡ് അല്ലെങ്കിൽ ഇക്കണോമി സെറ്റിങ് തിരഞ്ഞെടുക്കുക.
  • ചോർച്ചകൾ യഥാസമയത്ത് പരിഹരിക്കുക എന്നത് വെള്ളം പാഴാകാതിരിക്കുന്നതിന് ഏറ്റവും അത്യാവശ്യമുള്ള കാര്യമാണ്. ഒരു സെക്കൻഡിൽ രണ്ടുതുള്ളി വെള്ളം ചോർന്നാൽ പോലും ഒരു ദിവസത്തെ മുഴുവൻ സമയമെടുത്താൽ ലിറ്റർ കണക്കിന് വെള്ളമാണ് നഷ്ടമായിക്കൊണ്ടിരിക്കുന്നത്. ചോർച്ച കണ്ണിൽ പെട്ടാൽ ഉടൻതന്നെ അവ പരിഹരിക്കുക. ലീക്ക് ഡിറ്റക്ടർ സ്ഥാപിക്കുന്നതും ഗുണകരമാണ്.
  • ചെടികൾ നനയ്ക്കുന്നതിനും കാറുകൾ അടക്കമുള്ളവ വൃത്തിയാക്കുന്നതിനുമായി മഴവെള്ള സംഭരണി സ്ഥാപിച്ച് വെള്ളം ശേഖരിക്കുന്നത് സഹായകമാണ്. അതേപോലെ പുൽത്തകിടിയിലും ചെടികളിലും ആവശ്യത്തിനുമാത്രം ജലസേചനം നടത്തുക.
  • ടോയ്‌ലറ്റിൽ ഉപയോഗിക്കുന്നതൊഴിച്ച് മറ്റ് ഏത് ഉപയോഗത്തിനും എടുക്കുന്ന വെള്ളം ഗ്രേ വാട്ടറാക്കി മാറ്റാം. ഇത്തരത്തിൽ ഷവർ, കുളിമുറി, വാഷ് ബേസൺ എന്നിവയിൽ നിന്നും അരിച്ചെടുക്കുന്ന വെള്ളം ചെടികൾ നനയ്ക്കുന്നതിനും മറ്റുമായി ഉപയോഗിക്കുന്നത് വെള്ളം പാഴാക്കാതെ സൂക്ഷിക്കാൻ ഏറ്റവും മികച്ച മാർഗമാണ്.
  • ഓരോ തവണത്തെയും വാട്ടർ ബില്ലുകൾ താരതമ്യം ചെയ്ത് അമിത ഉപയോഗമുണ്ടോ എന്ന് കണ്ടെത്തണം. സാധാരണയിലധികമായി വെള്ളം ഉപയോഗിക്കുന്നുണ്ടെന്ന് തിരിച്ചറിഞ്ഞാൽ നിയന്ത്രിക്കാനുള്ള മാർഗങ്ങൾ സ്വീകരിക്കുക.