വിദ്യാർത്ഥികൾക്ക് പഠനത്തോടൊപ്പം വരുമാനംകൂടി കണ്ടെത്താൻ കഴിയുന്നരീതിയിൽ വിനോദസഞ്ചാരകേന്ദ്രങ്ങൾ ദത്തെടുക്കാം. ഇതിനായി ഹൈസ്കൂൾ, ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളുകളിലും പോളിടെക്നിക്കിലും ടൂറിസം ക്ലബ്ബുകൾ രൂപവത്കരിക്കും. സമീപത്തെ വിനോദസഞ്ചാരകേന്ദ്രത്തിന്റെ പരിപാലനം ഏറ്റെടുക്കാനാണ് അനുമതി. വിനോദസഞ്ചാര, വിദ്യാഭ്യാസ വകുപ്പുകൾ ഇവ ഏകോപിപ്പിക്കും.
തിരുവനന്തപുരത്തെ ആക്കുളം ടൂറിസ്റ്റ് വില്ലേജിലെ ടൂറിസം ക്ലബ്ബിന്റെ പ്രവർത്തനമാതൃകയാണ് പദ്ധതിക്കായി അവലംബിക്കുന്നത്. തിരഞ്ഞെടുക്കുന്ന കുട്ടികൾക്ക് കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസിന്റെ നേതൃത്വത്തിൽ പരിശീലനം നൽകും.
ആദ്യഘട്ടത്തിൽ 25 കേന്ദ്രങ്ങളുടെ പട്ടിക തയ്യാറാക്കും. സഞ്ചാരികളെ വരവേൽക്കുക, അവർക്കാവശ്യമായ വിവരങ്ങൾ നൽകുക, ഹരിതചട്ടം പാലിക്കാൻ ബോധവത്കരണം നൽകുക തുടങ്ങിയവയാണ് ചെയ്യേണ്ടത്. മാലിന്യനിർമാർജനം ഉൾപ്പെടെയുള്ള നിയമങ്ങൾ സഞ്ചാരികൾ സ്വമേധയാ പാലിക്കാൻ പ്രേരിപ്പിക്കുന്നതും ചുമതലയാണ്.
കേന്ദ്രങ്ങളിലെത്തുന്നവർക്കായി കലാപരിപാടികൾ സംഘടിപ്പിക്കുക, വിവരങ്ങൾ നൽകി ഗൈഡായി പ്രവർത്തിക്കുക, ശില്പശാല നടത്തുക തുടങ്ങിയ മാർഗങ്ങളിലൂടെ വരുമാനം കണ്ടെത്താം. നിലവിൽ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്, കണ്ണൂർ ജില്ലകളിലെ ചില കോളേജുകളിലും 20 ഹൈസ്കൂളിലും മാത്രമാണ് ടൂറിസം ക്ലബ്ബുള്ളത്.
കളക്ടർ, അസിസ്റ്റൻ്റ് കളക്ടർ, ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ സെക്രട്ടറി എന്നിവരടങ്ങിയ കമ്മിറ്റി ടൂറിസം ക്ലബ്ബുകളിൽനിന്ന് അഭിമുഖംനടത്തി കുട്ടികളെ തിരഞ്ഞെടുക്കും. 25 മുതൽ 30 വരെ കുട്ടികളുടെ ബാച്ചുകളെ മൂന്നുമാസം എന്ന കണക്കിൽ ചുമതലയേൽപ്പിക്കും.