വൈക്കത്തെ തെരുവുനായ ശല്യം ഒരുമിച്ച് നേരിടാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ

തെരുവുനായ ശല്യം രൂക്ഷമാകുന്ന സാഹചര്യത്തിൽ തെരുവുനായകളുടെ പ്രജനനം തടയുന്നതിനായി പ്രജനനനിയന്ത്രണ കേന്ദ്രം വൈക്കത്ത് ആരംഭിക്കാൻ തീരുമാനം. ജില്ലാ പഞ്ചായത്തിന്റെയും വൈക്കം, കടുത്തുരുത്തി ബ്ലോക്കുപഞ്ചായത്തുകളുടെയും വൈക്കം നഗരസഭയുടെയും ഗ്രാമപഞ്ചായത്തുകളുടെയും സംയുക്താഭിമുഖ്യത്തിൽ എ.ബി.സി സെന്റർ ആരംഭിക്കാനാണ് തീരുമാനം.

പദ്ധതിയുടെ നടത്തിപ്പിനായി ബ്ലോക്കു പഞ്ചായത്തുകളും ബ്ലോക്കുകളിലെ വിവിധ ഗ്രാമപഞ്ചായത്തുകളും നഗരസഭയും തുക അനുവദിക്കും. അധികമായി ആവശ്യം വരുന്ന തുക തദ്ദേശസ്ഥാപനങ്ങൾ തന്നെ കണ്ടെത്തും. എ.ബി.സി സെന്ററിനുള്ള കെട്ടിടം നിർമിക്കുന്നതിനായി സ്ഥലം ജില്ലാ പഞ്ചായത്ത് നൽകും. ശസ്ത്രക്രിയയ്ക്ക് ശേഷം നായകളെ ചികിത്സ നൽകി പരിപാലിക്കുന്ന കൂടുകളും നിർമിക്കും. ഗ്രാമപഞ്ചായത്ത്, നഗരസഭ പരിധിയിലെ വളർത്തു നായകൾക്ക് ലൈസൻസ് ഉറപ്പാക്കാനും തീരുമാനമെടുത്തു.