തിരഞ്ഞെടുപ്പ് ഫലം; ഓഹരി വിപണിയിൽ നിക്ഷേപകർക്ക് നഷ്ടം 31 ലക്ഷം കോടി

എക്സിറ്റ് പോൾ പ്രവചനങ്ങളുടെ ആവേശത്തിൽ കഴിഞ്ഞ ദിവസം ഉണ്ടാക്കിയ നേട്ടം തിരഞ്ഞെടുപ്പ് ഫലം വരുന്ന ദിവസം രാവിലത്തെ മണിക്കൂറുകളിൽ തന്നെ നിക്ഷേപകർക്ക് നഷ്‌ടമായിരുന്നു. 8.5 ശതമാനം ഇടിഞ്ഞ് 23, 179.50 പോയിൻ്റിൽ വ്യാപാരം തുടങ്ങിയ നിഫ്റ്റി ഒരുവേള 21,281.45 പോയിന്റുവരെ ഇറങ്ങി. 5.93 ശതമാനം ഇടിഞ്ഞ് 21884ൽ ആണ് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചത്. കഴിഞ്ഞ നാലുവർഷത്തിനിടെ ഒരുദിവസത്തെ നിഫ്റ്റിയുടെ ഏറ്റവും മോശം പ്രകടനമാണ് രേഖപ്പെടുത്തിയത്. 76,468.78ൽ വ്യാപാരം തുടങ്ങിയ സെൻസെക്‌സ് 70,234.43വരെ ഇടിഞ്ഞ ശേഷം 72079.05ൽ (5.7 നഷ്‌ടത്തിൽ) ആണ് ക്ലോസ് ചെയ്തത്.

ബിഎസ്ഇ മിഡ്‌ക്യാപ് സൂചിക 8.07 ശതമാനവും സ്മോൾ ക്യാപ് സൂചിക 6.79 ശതമാനവും ഇടിഞ്ഞു. നിക്ഷേപകർക്ക് ഏകദേശം 31 ലക്ഷം കോടി രൂപയുടെ നഷ്‌ടമാണ് ഉണ്ടായത്. ബിഎസ്ഇയിൽ ലിസ്‌റ്റ് ചെയ്ത്‌ കമ്പനികളുടെ ആകെ വിപണി മൂല്യം 426 ലക്ഷത്തിൽ നിന്ന് 395 ലക്ഷം രൂപയിലേക്കെത്തി. എഫ്എംസിജി ഒഴികെയുള്ള മറ്റു സെക്‌ടറൽ സൂചികകളല്ലാം ചുവന്നു.

കഴിഞ്ഞ ദിവസം വൻ കുതിപ്പു നടത്തിയ ഗൗതം അദാനിയുടെ ഓഹരികൾ ഇന്നു കൂപ്പുകുത്തി. അദാനി പോർട്ട് ഓഹരികൾ 21.40 ശതമാനം ആണ് ഇടിഞ്ഞത്. അദാനി വിൽമാർ (9.99% ഇടിവ്) ഒഴികെ മറ്റെല്ലാ ഗ്രൂപ്പ് ഓഹരികളും 15 ശതമാനത്തിലധികം നഷ്‌ടം രേഖപ്പെടുത്തി.

ലാഭമെടുപ്പിൽ ഇടിഞ്ഞ വിപണി തിരിച്ചുകയറുമോ എന്നാണ് സാധാരണക്കാരായ നിക്ഷേപകരുടെ ആശങ്ക. ബിജെപിക്ക് ഒറ്റയ്ക്ക് കേവലപൂരിപക്ഷമില്ലാത്ത സാഹചര്യത്തിൽ വിപണിയിൽ ഇടിവു തുടരുമെന്നാണ് വിദ്ധഗ്ധരുടെ വിലയിരുത്തൽ. അതേ സമയം ഭരണത്തുടർച്ച ഉറപ്പാണെന്നതിനാൽ താമസിയാതെ വിപണി തിരിച്ചുകയറിയേക്കും.