സംസ്ഥാന സ്കൂള്‍ കായിക മേളയുടെ ബ്രാന്‍ഡ് അംബാസിഡറായി സഞ്ജു വി സാംസണെ നിയമിച്ചു. കായിക മേള ഒക്ടോബര്‍ 21 മുതല്‍ 28 വരെ തിരുവനന്തപുരത്ത് നടക്കും. ഒളിമ്പിക്സ് മാതൃകയില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു.
തലസ്ഥാന നഗരിയില്‍ 12 വേദികളിലായാണ് കായിക മേള നടക്കുക. 39 ഇനങ്ങളില്‍ 9232 മത്സരങ്ങള്‍ നടക്കും. 25325 കായിക താരങ്ങള്‍ പങ്കെടുക്കും. 2000 ഭിന്നശേഷി കായിക താരങ്ങളും മേളയുടെ ഭാഗമാകും.
അത്ലറ്റിക്സ്, ഫുട്ബാൾ, വോളിബാൾ, ക്രിക്കറ്റ് തുടങ്ങിയ സ്ഥിരം കായിക ഇനങ്ങൾക്കൊപ്പം ഇക്കുറി കളരിപ്പയറ്റും മത്സര ഇനമാക്കുന്നുണ്ട്. അണ്ടർ -17,19 ഏജ് കാറ്റഗറികളിലാണ് കളരിപ്പയറ്റ് ഉൾപ്പെടുത്തുന്നത്. യോഗയും ഫെൻസിംഗും കൂടുതൽ ഏജ് കാറ്റഗറികളിൽ ഉണ്ടാകും. ഭിന്നശേഷിക്കാരായ ആൺകുട്ടികൾക്ക് ക്രിക്കറ്റും പെൺകുട്ടികൾക്ക് ബോക്ചേ എന്ന ഗെയിമും പുതുതായി ഉൾപ്പെടുത്തും.
തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയം, ചന്ദ്രശേഖരൻ നായർ സ്റ്റേഡിയം, യൂണിവേഴ്സിറ്റി സ്റ്റേഡിയം, ജിമ്മി ജോർജ് സ്റ്റേഡിയം, ടെന്നിസ് ക്ലബ്, വട്ടിയൂർക്കാവ് ഷൂട്ടിംഗ് റേഞ്ച്, മൈലം ജി.വി രാജ സ്കൂൾ, പിരപ്പൻകോട് അക്വാട്ടിക് സ്റ്റേഡിയം, കാലടി വോളിബാൾ ഗ്രൗണ്ട്, വെളായണി കാർഷിക കോളേജ് ഇൻഡോർ സ്റ്റേഡിയം, മെഡിക്കൽ കോളേജ് ക്രിക്കറ്റ് ഗ്രൗണ്ട്, തുമ്പ സെൻ്റ് സേവ്യേഴ്സ് കെ.സി.എ ഗ്രൗണ്ട് എന്നിവയാണ് കായിക മേളയുടെ പ്രധാന വേദികൾ.
