സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലെന്ന് സർക്കാർ ഹൈക്കോടതിയില്‍

സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. കേരള ട്രാന്‍സ്‌പോര്‍ട്ട് ഡെവലപ്മെന്റ് ഫിനാന്‍സ് കോര്‍പ്പറേഷന്‍ ലിമിറ്റഡിൻ്റെ (കെ.ടി.ഡി.എഫ്.സി.) കേസിലാണ് സര്‍ക്കാരിന്റെ ധനസ്ഥിതി മോശമാണെന്ന് സത്യവാങ്മൂലം നല്‍കിയത്. നാടിനെ മോശമാക്കുന്നതാണ് സര്‍ക്കാരിന്റെ സത്യവാങ്മൂലമെന്ന് കോടതി കടുത്ത ഭാഷയില്‍ വിമര്‍ശിച്ചു.

സാമ്പത്തിക പ്രതിസന്ധിയ്ക്കിടെ സര്‍ക്കാര്‍ ധൂര്‍ത്ത് നടത്തുന്നുവെന്ന പ്രതിപക്ഷ ആരോപണം നിലനില്‍ക്കെയാണ് സര്‍ക്കാര്‍ ഇത്തരത്തിലൊരു സത്യവാങ്മൂലം നല്‍കിയത്. ധനസ്ഥിതി മോശമാണെങ്കില്‍ സംസ്ഥാനത്ത് സാമ്പത്തിക അടിയന്തരാവസ്ഥ പ്രഖ്യാപിക്കേണ്ടി വരുമോയെന്ന് കോടതി സര്‍ക്കാരിനോട് ചോദിച്ചു. ഇത്തരമൊരു അവസ്ഥ സംസ്ഥാനത്ത് സംജാതമായാല്‍ സാമ്പത്തിക അടിയന്തരാവസ്ഥ പ്രഖ്യാപിക്കാനുള്ള അധികാരം കോടതിയ്ക്കുണ്ടെന്ന ഓര്‍മ്മപ്പെടുത്തലും കോടതിയുടെ ഭാഗത്ത് നിന്നുണ്ടായി. സത്യവാങ്മൂലം വെച്ചായിരിക്കും സര്‍ക്കാരിന്റെ നിലവിലെ സ്ഥിതിവിശേഷങ്ങള്‍ കേരളത്തിനു പുറത്ത് വിലയിരുത്തപ്പെടുകയെന്ന് കോടതി പറഞ്ഞു.

                                                                                                                            നിങ്ങൾക്കും നേടാം മികച്ച IELTS Band Score…

കെടിഡിഎഫ്സിയുടെ ബാധ്യത ഏറ്റെടുക്കാനാകില്ലെന്നാണ് സര്‍ക്കാരിന്റെ നിലപാട്. സര്‍ക്കാരിന്റെ ഗ്യാരന്റിയിലാണ് കെടിഡിഎഫ്സിയില്‍ ആളുകള്‍ പണം നിക്ഷേപിച്ചത്. ഇങ്ങനെയെങ്കില്‍ സംസ്ഥാനത്ത് നിക്ഷേപം നടത്താന്‍ ആര് തയ്യാറാകുമെന്നും കോടതി ചോദിച്ചു. അതിനാൽ സത്യവാങ്മൂലം മാറ്റിസമർപ്പിക്കണമെന്ന് കോടതി നിർദ്ദേശിച്ചു.

കെഎസ്ആർടിസിക്ക് നൽകിയ 360 കോടി തിരിച്ചുനൽകാത്തതാണ് പ്രതിസന്ധിക്ക്‌ കാരണമെന്നാണ് കെടിഡിഎഫ്സി സർക്കാരിനെ അറിയിച്ചത്. അതിപ്പോൾ പലിശയടക്കം 900 കോടിയായി. എന്നാൽ, പണം നൽകാനില്ലെന്ന നിലപാടിലാണ് കെഎസ്ആർടിസി. ഈ പണം സർക്കാർ തന്നെ മടക്കിനൽകണമെന്ന് കെടിഡിഎഫ്സി ആവശ്യപ്പെടുകയായിരുന്നു. കെഎസ്ആർടിസി വായ്പ തിരിച്ചടയ്ക്കാത്തതിനാൽ കെടിഡിഎഫ്സി നഷ്ടത്തിലായി. 2021-’22 മുതൽ നിക്ഷേപം സ്വീകരിക്കുന്നത് റിസർവ് ബാങ്ക് വിലക്കി. ഇതോടെ വരുമാനവും ഇല്ലാതായി.