എസ്.എസ്.എൽ.സി. പരീക്ഷ വിജയിക്കുന്ന കുട്ടികളുടെ സര്‍ട്ടിഫിക്കറ്റില്‍ ഇക്കുറിയും മാര്‍ക്ക് രേഖപ്പെടുത്തില്ല. സ്കൂൾ ലീവിങ് സർട്ടിഫിക്കറ്റിൽ സ്കോർ ഒഴിവാക്കി ഗ്രേഡ് മാത്രമേ രേഖപ്പെടുത്തുകയുള്ളൂ എന്നാണ് 2025 മാർച്ചിലെ എസ്.എസ്.എൽ.സി. പരീക്ഷാവിജ്ഞാപനത്തിൽ പരീക്ഷാകമ്മിഷണർ പറയുന്നത്. പരീക്ഷാഫലം പ്രഖ്യാപിച്ച് മൂന്നുമാസത്തിനകം പരീക്ഷാർഥികൾക്ക് ഒരുകാരണവശാലും ലഭിച്ച സ്കോർവിവരം നൽകുന്നതല്ലെന്നും വിജ്ഞാപനത്തിൽ വ്യക്തമാക്കുന്നുണ്ട്.
മൂന്നുമാസം കഴിഞ്ഞ് ലഭിച്ചാൽ ഇത് ഉപരിപഠനത്തിന് ഉപകരിക്കണമെന്നില്ല. പ്ലസ് വൺ പ്രവേശനം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ മെറിറ്റനുസരിച്ച് റാങ്ക് പട്ടികയുണ്ടാക്കാൻ ഗ്രേഡിനൊപ്പം മാർക്കുകൂടി രേഖപ്പെടുത്തണമെന്ന ആവശ്യം ഇക്കുറിയും നിരസിക്കുകയാണ് പൊതുവിദ്യാഭ്യാസവകുപ്പ്. മാർക്ക് അറിയുകയെന്നത് വിദ്യാർഥികളുടെ മൗലികാവകാശമാണെന്ന വാദം പരിഗണിക്കുന്നില്ല. ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർസെക്കൻഡറി, പോളിടെക്നിക്, ഐ.ടി.ഐ. തുടങ്ങിയവയിലേക്കൊക്കെയുള്ള പ്രവേശനം എസ്.എസ്.എൽ.സി. പരീക്ഷാഫലത്തെ അടിസ്ഥാനമാക്കിയാണ്.
ഇതിന്റെ മാർക്ക് പരിഗണിക്കില്ലെന്നായാൽ പ്രവേശനറാങ്ക് നിർണയത്തിൽ സങ്കീർണതയുണ്ടാക്കും. 90 മുതൽ 100 ശതമാനംവരെ മാർക്ക് ലഭിക്കുന്ന വിദ്യാർഥികളെ ഒന്നിച്ച് എ പ്ലസ് എന്ന ഒറ്റഗ്രേഡിൽ ഉൾപ്പെടുത്തിക്കൊണ്ട് ഉന്നതകോഴ്സ് പ്രവേശനത്തിനുള്ള പട്ടിക തയ്യാറാക്കുമ്പോൾ ഒട്ടേറെപ്പേർ ഒരേ റാങ്കിലെത്തുന്നുവെന്ന പ്രശ്‌നം കഴിഞ്ഞവർഷങ്ങളിലെല്ലാം ഉണ്ടായിട്ടുണ്ട്. പാഠ്യേതരപ്രവർത്തനങ്ങളിലെ മികവിനുള്ള സർട്ടിഫിക്കറ്റുകളുടെയും മറ്റും അടിസ്ഥാനത്തിലാണ് പ്രവേശനനടപടികൾ പൂർത്തിയാക്കാറ്. പേരിന്റെ ആദ്യാക്ഷരവും ജനനത്തീയതിയുംവരെ പരിഗണിക്കേണ്ടിവരാറുണ്ട്.