എസ്എസ്എൽസി: ഇത്തവണയും മാർക്ക് പ്രസിദ്ധപ്പെടുത്തില്ല

എസ്എസ്എൽസി പരീക്ഷയ്ക്ക് ഇത്തവണയും മാർക്ക് പ്രസിദ്ധപ്പെടുത്തില്ലെന്നും ഗ്രേഡ് മാത്രമാകും പ്രസിദ്ധപ്പെടുത്തുകയെന്നും സർക്കാർ വ്യക്‌തമാക്കി. 2 വർഷം കഴിഞ്ഞ് 200 രൂപ അടച്ച് ആവശ്യപ്പെട്ടാൽ വിദ്യാർഥിക്ക് മാർക്ക് നേരിട്ട് അയച്ചുനൽകും. കഴിഞ്ഞ വർഷങ്ങളിൽ നിലനിൽക്കുന്ന ഉത്തരവുകൾ അനുസരിച്ചാണ് ഇത്തവണയും പരീക്ഷ നടത്തുകയെന്ന് പരീക്ഷ കമ്മിഷണർ പറയുന്നു.

ഫലം വരുമ്പോൾ ഗ്രേഡിനൊപ്പം മാർക്ക് കൂടി പ്രസിദ്ധപ്പെടുത്തണമെന്നു കാണിച്ചുള്ള രക്ഷിതാവിന്റെ പരാതി പരിഗണിക്കാൻ സർക്കാരിനു ഹൈക്കോടതി നിർദേശം നൽകിയിരുന്നു. എന്നാൽ, മാർക്കിൽ അധിഷ്‌ഠിതമായ പരീക്ഷ വിദ്യാർഥികളിൽ അനാവശ്യ സമ്മർദം ഉണ്ടാക്കുമെന്നും പഠനത്തിന്റെ നിലവാരം നഷ്‌ടപ്പെടുത്തുമെന്നും പരീക്ഷാ കമ്മിഷണർ നൽകിയ മറുപടിയിൽ പറയുന്നു.

2007 മുതലാണ് മാർക്ക് ഒഴിവാക്കി ഗ്രേഡ് മാത്രം പ്രസിദ്ധപ്പെടുത്തുന്ന രീതി എസ്എസ്എൽസിക്കു നിലവിൽ വന്നത്. ഗ്രേഡ് മാത്രം പ്രസിദ്ധപ്പെടുത്തുക വഴി വിഷയങ്ങളിലെ മികവിനനുസരിച്ച് അതതു വിഷയങ്ങളിൽ പ്ലസ്‌ടു സീറ്റ് കിട്ടാൻ കുട്ടികൾ ബുദ്ധിമുട്ടുന്നതായി അന്നു മുതലേ പരാതിയുണ്ട്. ഗ്രേഡ് മാത്രം പ്രസിദ്ധപ്പെടുത്തുന്നത് പ്ലസ് ടു പരീക്ഷയ്ക്ക് മാർക്കും ഗ്രേഡും പ്രസിദ്ധപ്പെടുത്തുന്നുണ്ട്. ഇതിൽ മാർക്ക് ആണ് കോളജുകളിൽ ബിരുദ പ്രവേശനത്തിനു പരിഗണിക്കുന്നത്.