എസ്എസ്എൽസി പരീക്ഷാഫലം മെയ് 8ന്

എസ്എസ്എൽസി, ടിഎച്ച്എസ്എസ്എൽസി, എഎച്ച്എസ്എൽസി ഫലപ്രഖ്യാപനം മെയ് 8 ബുധനാഴ്ച 3 മണിക്ക്  വിദ്യാഭ്യാസമന്ത്രി പ്രഖ്യാപിക്കും. കഴിഞ്ഞ വർഷം മേയ് 19നാണ് ഫലപ്രഖ്യാപനം നടത്തിയത്. രണ്ടാം വർഷ ഹയർ സെക്കൻഡറി, വൊക്കേഷനൽ ഹയർ സെക്കൻഡറി പരീക്ഷാ ഫലപ്രഖ്യാപനവും മേയ് 9 ന് നടത്തും.

ഇക്കൊല്ലം എസ്എസ്എൽസി പരീക്ഷ എഴുതിയത് 4,27,105 വിദ്യാർഥികളാണ്. 2,17,525 ആൺകുട്ടികളും 2,09,580 പെൺകുട്ടികളും. സംസ്ഥാനത്തൊട്ടാകെ 70 ക്യാംപുകളിലായി 10,863 അധ്യാപകർ മൂല്യനിർണയ ക്യാംപിൽ പങ്കെടുത്തു. ഏപ്രിൽ 3 മുതൽ 20 വരെ പതിനാല് ദിവസങ്ങളിലായി മൂല്യനിർണയം പൂർത്തിയാക്കി. ടാബുലേഷൻ, ഗ്രേസ് മാർക്ക് എൻട്രി, എന്നിവ പരീക്ഷാ ഭവനിൽ പൂർത്തിയാക്കി.

ആകെ 4,41,120 വിദ്യാർഥികളാണ് ഹയർസെക്കൻഡറി പരീക്ഷ എഴുതിയത്. 2,23,736 ആൺകുട്ടികളും 2,17,384 പെൺകുട്ടികളും. ഏപ്രിൽ 3 മുതൽ 24-ാം തീയതി വരെയാണ് മൂല്യനിർണയം നടന്നത്. പ്ലസ് വൺ, പ്ലസ് ടു പരീക്ഷാ മൂല്യനിർണയത്തിൽ മൊത്തം 77 ക്യാംപുകളിലായി ഇരുപത്തി അയ്യായിരത്തോളം അധ്യാപകർ പങ്കെടുത്തു. വൊക്കേഷനൽ ഹയർസെക്കൻഡറി റഗുലർ വിഭാഗത്തിൽ 27,798, പ്രൈവറ്റ് വിഭാഗത്തിൽ 1,502 വിദ്യാർഥികളാണ് രണ്ടാം വർഷ പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തത്.