കരിഞ്ചന്തയും പൂഴ്ത്തിവയ്പ്പും തടയാൻ പൊലീസ് പരിശോധന

സംസ്ഥാനത്ത് കരിഞ്ചന്തയും പൂഴ്ത്തിവയ്പ്പും കണ്ടെത്തുന്നതിന് സ്പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥരെ നിയോഗിക്കാനാണ് സർക്കാർ നിര്‍ദ്ദേശം. ജില്ലാ സ്പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥരെ ഉപയോഗിച്ച് വിവരങ്ങള്‍ ശേഖരിച്ച് ജില്ലാ ഭരണകൂടത്തിന് കൈമാറാന്‍ സംസ്ഥാന പോലീസ് മേധാവി ഡോ. ഷെയ്ഖ് ദര്‍വേഷ് സാഹിബ് ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. വിലക്കയറ്റ പരാതികൾ വ്യാപകമായതിനെ തുടർന്നാണ് തീരുമാനം.

കരിഞ്ചന്ത, പൂഴ്ത്തിവയ്പ്പ് എന്നിവ തടയുന്നതിന് വിവിധ വകുപ്പുകള്‍ പരിശോധന നടത്തുമ്പോള്‍ പൊലീസ് സംരക്ഷണവും സഹായവും നല്‍കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്. വിലക്കയറ്റം തടയുന്നതിനുള്ള പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കൃത്യവും സമയബന്ധിതവുമായി നിയമനടപടി സ്വീകരിക്കണമെന്നും സംസ്ഥാന പൊലീസ് മേധാവി നിര്‍ദ്ദേശിച്ചു. വിലക്കയറ്റം നിയന്ത്രിക്കുന്നതിന് സ്വീകരിക്കേണ്ട നടപടി സംബന്ധിച്ച് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം വിളിച്ചുചേർത്ത യോഗത്തിലെ തീരുമാനങ്ങളുടെ അടിസ്ഥാനത്തിലാണ് സംസ്ഥാന പോലീസ് മേധാവി ഡോ.ഷെയ്ഖ് ദര്‍വേഷ് സാഹിബ് നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചത്.