കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ ഔദ്യോഗിക റെക്കോർഡ് പ്രകാരം രാജ്യത്ത് വെള്ളിയാഴ്ച ഏറ്റവും ഉയർന്ന ചൂട് രേഖപ്പെടുത്തിയത് കൊച്ചിയിൽ. 35 ഡിഗ്രി സെൽഷ്യസാണ് കൊച്ചിയിൽ രേഖപ്പെടുത്തിയത്. വെള്ളിയാഴ്ച ഏറ്റവും കുറഞ്ഞ ചൂട് രേഖപ്പെടുത്തിയത് കിഴക്കൻ രാജസ്ഥാനിലെ സികറിലാണ്, 2.8 ഡിഗ്രി സെൽഷ്യസ്. സാധാരണഗതിയിൽ ഡിസംബറിൽ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ശൈത്യകാലമാണ്. ഈ സമയം ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലായിരിക്കും താപനില കൂടുതലെന്നും കാലാവസ്ഥാ വിദഗ്ധൻ രാജീവൻ എരിക്കുളം പറഞ്ഞു.
പതിനാലുമുതൽ വെള്ളിവരെ എട്ടുദിവസത്തിനുള്ളിൽ കണ്ണൂരിലും പുനലൂരിലും കർണാടകത്തിലെ കാർവാറിലും ഉയർന്ന താപനില രേഖപ്പെടുത്തി. നാലുദിവസമാണ് കണ്ണൂരിൽ ഉയർന്ന താപനില രേഖപ്പെടുത്തിയത്. ഏറ്റവും കൂടുതൽ ചൂട് 16ന് കണ്ണൂരിലായിരുന്നു, 36.7 ഡിഗ്രി. പുനലൂരിൽ 14ന് 35.4 ഡിഗ്രി രേഖപ്പെടുത്തി. കർണാടകത്തിലെ കാർവാറിൽ വ്യാഴാഴ്ച 36.8 ഡിഗ്രി ചൂട് രേഖപ്പെടുത്തിയതായും കേന്ദ്ര കാലാവസ്ഥാവകുപ്പ് പറയുന്നു.