ഇന്ത്യൻ റെയിൽവേ മാതൃകയിൽ യാത്രക്കാരുടെ സൗകര്യങ്ങൾ വർധിപ്പിക്കാൻ കെ.എസ്.ആർ.ടി.സിയും. സൂപ്പർഫാസ്റ്റ് ബസുകളിൽ വെള്ളം മുതൽ സ്‌നാക്സ് വരെ ലഭ്യമാക്കും. പണം ഡിജിറ്റൽ പേയ്മെന്‍റുകളിലൂടെ നൽകി വെള്ളം ഉൾപ്പെടെ വാങ്ങാവുന്ന തരത്തിലാണ് പരിഷ്‌കാരം. ഡിപ്പോകളിലെ കാൻ്റീനുകൾക്ക് കാലത്തിനനുസരിച്ച് മാറ്റംവരുത്തും.
കെ.എസ്.ആർ.ടി.സിയിലേക്ക് കൂടുതൽ യാത്രക്കാരെ ആകർഷിക്കുകയെന്ന നയത്തിന്റെ ഭാഗമായിട്ടാണ് പുതിയ നീക്കം. സൂപ്പർ ഫാസ്റ്റ് ബസുകളിൽ എ.സിയും വൈ-ഫൈയും ഏർപ്പെടുത്താൻ നേരത്തെ തീരുമാനം എടുത്തിരുന്നു. മെയ് മുതലാകും സൂപ്പർഫാസ്റ്റ് എ.സി സർവീസുകൾ പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിക്കുക.
യാത്രയ്ക്കിടയിൽ ബസുകളിൽ സ്‌നാക്‌സും വെള്ളവും വിൽക്കാനുള്ള കരാർ ലേലത്തിലൂടെ നൽകും. ഇങ്ങനെ കരാർ എടുക്കുന്ന ഏജൻസി തന്നെയാകും മാലിന്യവും ശേഖരിക്കേണ്ടത്. ഇതിൽ വീഴ്‌ച വരുത്തിയാൽ നടപടി സ്വീകരിക്കും.
പ്രധാന ഡിപ്പോകളിലെ കാൻ്റിനുകളുടെ നടത്തിപ്പും വലിയ ഹോട്ടൽ ശൃംഖലകൾക്ക് കൈമാറാൻ തീരുമാനമായിട്ടുണ്ട്. നല്ലരീതിയിൽ പ്രവർത്തിക്കുന്ന ഹോട്ടൽ ഗ്രൂപ്പുകൾക്ക് മാത്രമാകും കരാർ നൽകുക. 5 വർഷത്തേക്കാകും കരാർ. വൃത്തിയുടെയും ഭക്ഷണത്തിൻ്റെയും ഗുണമേന്മയിൽ വീഴ്ച്ച വരുത്തിയാൽ കരാർ റദ്ദാക്കപ്പെടും.
അതുപോലെ തന്നെ കെ.എസ്.ആർ.ടി.സിയുടെ കൈയിലുള്ള സ്ഥലം ടോയ്‌ലറ്റുകൾ നിർമിക്കാനായി വിട്ടുകൊടുക്കും. ഈ സ്ഥലത്ത് മികച്ച ഇൻ്റീരിയറും വൃത്തിയുമുള്ള ശുചിമുറികൾ നിർമിക്കേണ്ട ചുമതല കരാർ ഏറ്റെടുത്തവർക്കാകും. ഇവർക്കു തന്നെ പരിപാലന ചുമതലയും പണം പിരിക്കാനുള്ള അവകാശവും ലഭിക്കും.