എസ്എംഎസ് വഴി തട്ടിപ്പ് ലിങ്കുകൾ അയയ്ക്കുന്നത് തടയാനുള്ള ടെലികോം റെഗുലേറ്ററി അതോറിറ്റിയുടെ (ട്രായ്) നിർണായക ഉത്തരവ് ഒക്ടോബർ ഒന്നിന് പ്രാബല്യത്തിൽ വരും.
മുൻകൂറായി അംഗീകാരം ലഭിച്ച (വൈറ്റ്‍ലിസ്റ്റഡ്) ലിങ്കുകൾ അടങ്ങിയ എസ്എംഎസുകൾ മാത്രമേ ഇനി വാണിജ്യ സ്ഥാപനങ്ങൾക്ക് ഉപയോക്താക്കൾക്ക് അയയ്ക്കാൻ കഴിയൂ.
സെപ്റ്റംബർ 1 മുതൽ നടപ്പാക്കാനിരുന്ന ചട്ടം ബാങ്കുകൾ, ടെലികോം കമ്പനികൾ അടക്കമുള്ളവയുടെ ആവശ്യം പരിഗണിച്ചാണ് നീട്ടിവച്ചത്. കൃത്യമായ മുന്നൊരുക്കങ്ങളില്ലാതെ ഇത് നടപ്പാക്കിയാൽ ഒടിപികൾ (വൺ ടൈം പാസ്‍വേഡ്) അടക്കം എത്തുന്നത് തടസ്സപ്പെടുമെന്നും സ്ഥാപനങ്ങൾ മുന്നറിയിപ്പ് നൽകിയിരുന്നു. വെബ്സൈറ്റ്, ആപ് (എപികെ), ഒടിടി ലിങ്കുകൾ എന്നിവയ്ക്കെല്ലാം പുതിയ നിർദേശം ബാധകമാണ്.
എന്താണ് വൈറ്റ്‍ലിസ്റ്റിങ്?
ഉപയോക്താക്കൾക്ക് വാണിജ്യ സന്ദേശങ്ങൾ അയയ്ക്കുന്ന സ്ഥാപനങ്ങൾ അവർ അയയ്ക്കുന്ന ലിങ്കുകൾ ഏതൊക്കെയെന്ന് മുൻകൂറായി ടെലികോം കമ്പനികളുടെ ബ്ലോക്ചെയിൻ അധിഷ്ഠിത പ്ലാറ്റ്ഫോമിലേക്ക് (ഡിഎൽടി) അപ്‍ലോഡ് ചെയ്യണം. ഇതിനെയാണ് വൈറ്റ്‍ലിസ്റ്റിങ് എന്നു വിളിക്കുന്നത്.
വൈറ്റ് ലിസ്റ്റ് ചെയ്യാത്തവ എത്തില്ല
ഡിഎൽടി പ്ലാറ്റ്ഫോമിൽ നൽകിയിട്ടില്ലാത്ത ലിങ്കുകൾ ഉൾപ്പെട്ട എസ്എംഎസുകൾ ബ്ലോക്ക് ആകും. തട്ടിപ്പു സംഘങ്ങൾ ദുരൂഹമായ ലിങ്കുകൾ അയയ്ക്കുന്നത് തടയാനാണ് നീക്കം.
മൂവായിരത്തോളം സ്ഥാപനങ്ങൾ 70,000ലധികം ലിങ്കുകൾ ഇതിനകം വൈറ്റ്‍ലിസ്റ്റ് ചെയ്തതായി ട്രായ് അറിയിച്ചു. ഒക്ടോബർ ഒന്നിനു മുൻപായി അപ്‍ലോഡ് ചെയ്യാത്ത ലിങ്കുകൾ എസ്എംഎസ് ആയി അയയ്ക്കാൻ അനുവദിക്കില്ല.