ബഹിരാകാശ നിലയത്തിലേക്കുള്ള ശുഭാംശുവിന്റെ യാത്ര 19ന്

അനിശ്ചിതത്വത്തിനൊടുവിൽ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള ഇന്ത്യൻ ബഹിരാകാശ സഞ്ചാരി ശുഭാംശു ശുക്ലയുടെ യാത്രയ്ക്ക് പുതിയ തിയതി. ജൂൺ 19ന് സംഘം യാത്ര തിരിക്കും. ഐഎസ്ആർഒയാണ് യാത്രാ തിയതി പുറത്തുവിട്ടത്. ഫ്ലോറിഡയിലെ നാസയുടെ കെന്നഡി ബഹിരാകാശ കേന്ദ്രത്തിൽനിന്നാണ് യാത്ര. സ്പേയ്‌സ്എക്സ്‌സിൻ്റെ ഫാൽക്കൺ 9 റോക്കറ്റാണ് ശുക്ലയും സംഘവുമായി കുതിക്കുക. ക്രൂ ഡ്രാഗൺ ബഹിരാകാശ പേടകത്തിലാണ് അവർ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തുക. അമേരിക്കൻ കമ്പനിയായ ആക്‌സിയം സ്പേസ്, നാസ, സ്പേയ്സ്എക്സ‌്, ഐഎസ്ആർഒ എന്നിവയുടെ സഹകരണത്തോടെയാണ് ദൗത്യം.

മുമ്പ് ജൂൺ 9നും 11നും യാത്രയ്ക്ക് തീരുമാനിച്ചിരുന്നുവെങ്കിലും സാങ്കേതിക തകരാറും കാലാവസ്ഥാ പ്രശ്‌നങ്ങളും ഫാൽക്കൺ 9 റോക്കറ്റിൽ ലിക്വിഡ് ഓക്സ‌ിജൻ ചോർച്ചയും കാരണം ദൗത്യം നീളുകയായിരുന്നു. ഓക്സ‌ിജൻ ചോർച്ച പരിഹരിച്ചതിനെത്തുടർന്നാണ് വീണ്ടും ദൗത്യം പുനഃരാരംഭിക്കുന്നത്. മെയ് 29നാണ് ആദ്യം ദൗത്യം തീരുമാനിച്ചിരുന്നത്.

ആക്‌സിയം- 4 മിഷൻ്റെ ഭാഗമായി ശുക്ലയ്ക്കൊപ്പം മൂന്നു പേർകൂടി ബഹിരാകാശ നിലയത്തിലേക്ക് പോകുന്നുണ്ട്. നാസയുടെ മുൻ ബഹിരാകാശയാത്രികയും ആക്‌സിയം സ്പേയ്‌സിന്റെ ഹ്യൂമൻ സ്പേയ്‌സ് ഫ്ളൈറ്റ് ഡയറക്ടറുമായ പെഗ്ഗി വിറ്റ്സൺ ആണ് കമാൻഡർ. ശുഭാൻശു ശുക്ല പൈലറ്റും. യൂറോപ്യൻ ബഹിരാകാശ ഏജൻസിയുടെ പോളിഷ് പ്രോജക്ട് ബഹിരാകാശയാത്രികനായ സ്വാവോസ് ഉസ്‌നാൻസ്‌കി – വിസിവസ്കി, ഹംഗറിയിൽ നിന്നുള്ള ടിബോർ കാപു എന്നിവരാണ് മറ്റുള്ളവർ.

ഫാൽക്കൺ 9 റോക്കറ്റാണ് ശുക്ലയടക്കം നാല് പേരെ വഹിക്കുന്ന ഡ്രാഗൺ പേടകവുമായി കുതിക്കുക. ഒമ്പതാം മിനിട്ടിൽ ഡ്രാഗൺ പേടകം റോക്കറ്റിൽനിന്ന് വേർപെട്ട് നിശ്ചിത ഭ്രമണപഥത്തിലേക്ക് നീങ്ങും. 28 മണിക്കൂറോളം ഭൂമിയെ ചുറ്റുന്ന പേടകം പിന്നീട് ബഹിരാകാശ നിലയത്തിൽ ഡോക്ക് ചെയ്യും. ശുക്ലയും സംഘവും നിലയത്തിൽ പ്രവേശിച്ച് 14 ദിവസം നിലയത്തിൽ പരീക്ഷണങ്ങൾക്ക് നേതൃത്വം നൽകിയശേഷം മടങ്ങും. മെക്രോ ഗ്രാവിറ്റിയെ അടിസ്ഥാനമാക്കിയുള്ള പരീക്ഷണങ്ങളാണിവ. രാകേഷ് ശർമയ്ക്ക് ശേഷം ആദ്യമായി ബഹിരാകാശത്തെത്തുന്ന ഇന്ത്യാക്കാരനാണ് ശുക്ല. നാസയുടെ ബഹിരാകാശ നിലയത്തിൽ എത്തുന്ന ആദ്യത്തെ ഇന്ത്യക്കാരനും.